മറ്റ് തൊഴില്‍ മേഖലയ്ക്ക് പുറമെ കാര്‍ഷിക മേഖലയിലും വേരുറപ്പിച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍! പാലക്കാടന്‍ വയലുകളില്‍ ഞാറുനട്ട് ബംഗാളികള്‍

ഞാറുനടാന്‍ നാട്ടിലെ തൊഴിലാളികളെ കിട്ടാതായതോടെ പശ്ചിമ ബംഗാളില്‍ നിന്നുളള തൊഴിലാളികളെ ആശ്രയിച്ചിരിക്കുകയാണ് പാലക്കാട്ടുകാര്‍.

പാലക്കാട്: കേരളത്തിലെ മിക്ക തൊഴില്‍ മേഖലകളിലും കൈയ്യടക്കിയിരിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ കാര്‍ഷിക മേഖലയിലും വേരുറപ്പിച്ചിരിക്കുകയാണ്. ഞാറുനടാന്‍ നാട്ടിലെ തൊഴിലാളികളെ കിട്ടാതായതോടെ പശ്ചിമ ബംഗാളില്‍ നിന്നുളള തൊഴിലാളികളെ ആശ്രയിച്ചിരിക്കുകയാണ് പാലക്കാട്ടുകാര്‍. ഇത്തവണ പാലക്കാടന്‍ വയലുകളില്‍ ഞാറുനടാന്‍ നിരവധി അന്യസംസ്ഥാനക്കാരാണ് എത്തിയിരിക്കുന്നത്.

മുന്‍ വര്‍ഷങ്ങളില്‍ അപൂര്‍വ്വമായിരുന്നു പാലക്കാട് ഇത്തരം കാഴ്ച. എന്നാല്‍ നടീലിന് തൊഴിലാളികളെ കിട്ടാതായതോടെ, മിക്ക കര്‍ഷകര്‍ക്കും ഇക്കുറി ആശ്രയം ഇതര സംസ്ഥാന തൊഴിലാളികളാണ്. മണിക്കൂറുകള്‍ കൊണ്ട് നടീല്‍ പൂര്‍ത്തിയാക്കി അടുത്ത പാടത്തേക്ക് മുന്നേറുകയാണ് ബംഗാളില്‍ നിന്നുള്ള തൊഴിലാളികള്‍.

പരമ്പരാഗത കര്‍ഷകത്തൊഴിലാളികള്‍ തൊഴിലുറപ്പ് പദ്ധതിയിലേക്ക് ചുവടുമാറിയതാണ് ഇവിടുത്തെ പ്രതിസന്ധി. കേരളത്തില്‍ കൃഷിപ്പണിക്ക് ആളില്ലെങ്കില്‍, അവിടെ തൊഴിലില്ലായ്മയാണ് പ്രശ്‌നമെന്ന് ബംഗാളി കര്‍ഷകത്തൊഴിലാളി പറയുന്നു.

ആവശ്യക്കാര്‍ക്ക് എട്ടും പത്തും പേരടങ്ങുന്ന ചെറുസംഘങ്ങളായി ഇതര സംസ്ഥാന തൊഴിലാളികളെ എത്തിച്ചുകൊടുക്കാന്‍ ഇടനിലക്കാരും സജീവമാണ്. നാട്ടിലെ കര്‍ഷകത്തൊഴിലാളികള്‍ മൂന്ന് ദിവസം കൊണ്ട് ചെയ്തുതീര്‍ക്കുന്ന പണി തീര്‍ക്കാന്‍ ഒരുദിവസംമതി ഇവര്‍ക്ക്. ഒരേക്കറിന് 4000 രൂപയാണ് കര്‍ഷകന് ചെലവ് വരിക. ഇതെല്ലാമാണ് ബംഗാളി കര്‍ഷകത്തൊഴിലാളികളിലേക്ക് തിരിയാനുള്ള കാരണമെന്നാണ് നിരീക്ഷണം.

Exit mobile version