ഭര്‍ത്താവുമായി അകന്നു കഴിയുന്നവര്‍ക്കും വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍ക്കും ഇനി വിധവാ പെന്‍ഷന്‍ ലഭിക്കില്ല

. എന്നാല്‍ നിലവിലെ വ്യവസ്ഥ അനുസരിച്ച് 7 വര്‍ഷം ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു താമസിക്കുന്നവര്‍ക്കും പെന്‍ഷന് അര്‍ഹതയുണ്ടെന്നായിരുന്നു.

തിരുവനന്തപുരം: ഇനി മുതല്‍ ഭര്‍ത്താവുമായി അകന്നു കഴിയുന്നവര്‍ക്കും നിയമ പരമായി വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍ക്കും വിധവാ പെന്‍ഷന്‍ ലഭ്യമാകില്ല. ഭര്‍ത്താവു മരിച്ചതോ 7 വര്‍ഷത്തിലധികമായി ഭര്‍ത്താവിനെ കാണാനില്ലാത്തതോ ആയ വിധവകള്‍ക്കു മാത്രമേ വിധവാ പെന്‍ഷന്‍ നല്‍കാന്‍ പാടുള്ളൂ എന്നാണു പുതിയ നിര്‍ദേശം. എന്നാല്‍ നിലവിലെ വ്യവസ്ഥ അനുസരിച്ച് 7 വര്‍ഷം ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു താമസിക്കുന്നവര്‍ക്കും പെന്‍ഷന് അര്‍ഹതയുണ്ടെന്നായിരുന്നു.

വേര്‍പിരിഞ്ഞു താമസിക്കുക എന്നതു ‘7 വര്‍ഷത്തിലധികമായി ഭര്‍ത്താവിനെ കാണാനില്ലാത്ത’ എന്നു സര്‍ക്കാര്‍ ഭേദഗതി ചെയ്തു. ഇതുപ്രകാരം ഭര്‍ത്താവിനെ കാണാനില്ലെന്ന പോലീസ് അന്വേഷണ റിപ്പോര്‍ട്ടില്‍ വില്ലേജ് ഓഫിസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇനി പെന്‍ഷന് അപേക്ഷിക്കാന്‍ പാടുള്ളു.

ഭര്‍ത്താവില്‍ നിന്ന് അകന്നു കഴിയുന്ന യുവതികള്‍ക്ക് ഇനി പെന്‍ഷന്‍ അനുവദിക്കില്ല. കാരണം വിവാഹമോചനം നേടിയ പലരും പുനര്‍വിവാഹിതരായെങ്കിലും തുടര്‍ന്നും വിധവാ പെന്‍ഷന്‍ വാങ്ങുന്നതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ പെന്‍ഷന്‍ വാങ്ങുന്നവര്‍ എല്ലാവര്‍ഷവും പുനര്‍ വിവാഹിതരല്ല എന്നു ഗസറ്റഡ് ഓഫിസറുടെ സാക്ഷ്യപത്രം നല്‍കണമെന്നും നിര്‍ദേശമുണ്ട്.

കേരളത്തില്‍ 13 ലക്ഷത്തിലധികം സ്ത്രീകളാണ് വിധവാ പെന്‍ഷന്‍ കൈപ്പറ്റുന്നത്. വിവാഹ മോചനത്തിനു കേസ് നടത്തുന്നവരും ഭര്‍ത്താവുമായി അകന്നു കഴിയുന്നവരും ഇത്തരത്തില്‍ പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍ ഉള്‍പ്പെടുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ഭേദഗതികള്‍ കൊണ്ടുവന്നത്.

Exit mobile version