സര്‍ക്കാരിനെ വെല്ലുവിളിച്ച് ബാങ്കുകള്‍; കാര്‍ഷിക വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ ജപ്തി, നടപടിക്ക് ആര്‍ബിഐ അംഗീകാരവും ഉണ്ടെന്ന് വിളിച്ചോതി ബാങ്കേഴ്‌സ് സമിതിയുടെ പരസ്യം

മൊറട്ടോറിയം നീട്ടിയതിന് ആര്‍ബിഐ അനുമതി നിഷേധിച്ചതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി വിളിച്ച യോഗം നടക്കാനിരിക്കെയാണ് ബാങ്കേഴ്‌സ് സമിതി പരസ്യത്തിലൂടെ നിലപാട് അറിയിച്ചിരിക്കുന്നത്.

തിരുവനന്തപുരം: പ്രളയാനന്തരം കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം നീട്ടിയ തീരുമാനത്തിന് ആര്‍ബിഐ അനുമതി നിഷേധിച്ചതിനു പിന്നാലെ സര്‍ക്കാരിനെ വെല്ലുവിളിച്ച് ബാങ്കേഴ്‌സ് സമിതിയുടെ പരസ്യം. കാര്‍ഷിക വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ ജപ്തി ചെയ്യുമെന്നാണ് പരസ്യം പറഞ്ഞിരിക്കുന്നത്. ഈ നടപടിക്ക് ഇപ്പോഴും ആര്‍ബിഐയുടെ അംഗീകാരവും ഉണ്ടെന്നാണ് പരസ്യം പറഞ്ഞുവെയ്ക്കുന്നത്.

പത്രങ്ങളിലാണ് സര്‍ക്കാരിനെ വെല്ലുവിളിക്കുന്ന തലത്തില്‍ പരസ്യം നല്‍കിയത്. മൊറട്ടോറിയം നീട്ടിയതിന് ആര്‍ബിഐ അനുമതി നിഷേധിച്ചതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി വിളിച്ച യോഗം നടക്കാനിരിക്കെയാണ് ബാങ്കേഴ്‌സ് സമിതി പരസ്യത്തിലൂടെ നിലപാട് അറിയിച്ചിരിക്കുന്നത്. മൊറട്ടോറിയം കാലാവധി നീട്ടിയിട്ടില്ലെന്നും പരസ്യം പറയാതെ പറയുന്നുണ്ട്. എന്നാല്‍ ജപ്തി ഒരു തരത്തിലും അനുവദിക്കില്ലെന്ന നിലപാട് മന്ത്രി വിഎസ് സുനില്‍കുമാറും വ്യക്തമാക്കിയിരുന്നു. അടുത്ത ദിവസം ചേരാനിരുന്ന യോഗത്തില്‍ ബാങ്കേഴ്‌സ് സമിതിയില്‍ നിന്നും അനുകൂല നിലപാടുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. എന്നാല്‍ പരസ്യം വന്നതോടെ ആ പ്രതീക്ഷയും തകര്‍ന്ന അവസ്ഥയിലാണ്.

സംസ്ഥാന സര്‍ക്കാറിനും കര്‍ഷകര്‍ക്കും ഒരുപോലെ തിരിച്ചടിയായിരുന്നു കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം നീട്ടിയതിന് ആര്‍ബിഐ അനുമതി നിഷേധിച്ചത്. കര്‍ഷകരെടുത്ത കാര്‍ഷിക കാര്‍ഷികേതര വായ്പകളുടെയെല്ലാം മൊറട്ടോറിയം കാലാവധി ഡിസംബര്‍ 31 വരെ നീട്ടിക്കൊണ്ട് മെയ് 29നാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിന്റെ വിശദാംശങ്ങള്‍ ബാങ്കേഴ്‌സ് സമിതിക്ക് നല്‍കുകയും ചെയ്തു. എന്നാല്‍, മുമ്പ് പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മൊറട്ടോറിയം നീട്ടിയതാണെന്നും ഇനി സാധ്യമല്ലെന്നുമുള്ള നിലപാടില്‍ ആര്‍ബിഐ ഉറച്ച് നില്‍ക്കുകയായിരുന്നു.

ഇതോടെ നിര്‍ത്തിവെച്ച ജപ്തി നടപടികളിലേക്ക് വീണ്ടും നീങ്ങാനുള്ള സാഹചര്യം ബാങ്കുകള്‍ക്ക് വന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അടിയന്തരമായി ഇടപെടാനുള്ള സാധ്യതകള്‍ സര്‍ക്കാര്‍ തേടിയത്. അതിനു മുമ്പേ ബാങ്കേഴ്‌സ് സമിതി നിലപാട് പരസ്യത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ബാങ്കേഴ്‌സ് സമിതിയുടെ പരസ്യത്തിനെതിരെ ധനമന്ത്രി തോമസ് ഐസക് രംഗത്ത് വന്നിട്ടുണ്ട്.

Exit mobile version