തിരുവനന്തപുരത്ത് പോലീസുകാര്‍ തമ്മില്‍ സംഘര്‍ഷം; 14 പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി, എട്ട് പേരെ സസ്‌പെന്റ് ചെയ്തു!

സംഘര്‍ഷത്തില്‍ നടത്തിയ അന്വേഷണത്തിലാണ് 14 പോലീസ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസുകാര്‍ തമ്മില്‍ സംഘര്‍ഷം നടന്നതിനു പിന്നാലെ 14 ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി. എട്ട് പോലീസുകാരെ സസ്‌പെന്റ് ചെയ്തു. പോലീസ് സര്‍വ്വീസ് സഹകരണ സംഘം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുമെന്ന് ഡിജിപി ഹൈക്കോടതിയില്‍ നല്‍കിയ ഉറപ്പ് കാറ്റില്‍പ്പറത്തിയായിരുന്നു പോലീസുകാര്‍ക്കിടയില്‍ സംഘര്‍ഷമുണ്ടായത്.

സംഘര്‍ഷത്തില്‍ നടത്തിയ അന്വേഷണത്തിലാണ് 14 പോലീസ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് അച്ചടക്ക നടപടി കൈകൊണ്ടതും എട്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തതും. യുഡിഎഫ് അനുകൂല പോലീസുകാര്‍ക്ക് വോട്ട് ചെയ്യാനുള്ള തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നില്ലെന്ന് ആരോപിച്ചുള്ള വാക്ക് തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് വഴിവെച്ചത്. സംഭവവുമായി ബന്ധപ്പെട്ട പോലീസുകാര്‍ക്കെതിരെ കേസും എടുത്തിട്ടുണ്ട്.

വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് പോലീസ് അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി ജിആര്‍ അജിത്തിന്റെ നേതൃത്വത്തില്‍ യുഡിഎഫ് പാനല്‍ സഹകരണ സംഘം ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഒഴിഞ്ഞു പോകാന്‍ മ്യൂസിയം സിഐ ആവശ്യപ്പെട്ടുവെങ്കിലും ചെവികൊള്ളാതെ പോലീസുകാര്‍ തമ്മില്‍ ഉന്തും തള്ളും തുടങ്ങി. പിന്നീട് കൂടുതല്‍ പോലീസെത്തി ഓഫീസില്‍ നിന്നും എല്ലാവരെയും പുറത്താക്കി. മര്‍ദ്ദിച്ചുവെന്നാരോപിച്ച് ഇരുവിഭാഗങ്ങളിലെയും നാല് പോലീസുകാര്‍ ആശുപത്രിയില്‍ ചികിത്സതേടിയിട്ടുണ്ട്.

Exit mobile version