ബെവ്‌കോ ഔട്ട്ലെറ്റില്‍ അരക്കോടിയിലധികം രൂപയുടെ മദ്യം കാണാതായി; വിശദീകരണം തേടി ജീവനക്കാര്‍ക്ക് നോട്ടീസ്

ഇക്കഴിഞ്ഞ ഡിസംബര്‍ ഒന്ന് മുതല്‍ 2019 ജനുവരി മൂന്ന് വരെയുള്ള കാലയളവില്‍ ഔട്ട്ലെറ്റിലെ സ്റ്റോക്കില്‍ 53,21,973 രൂപയുടെ വ്യത്യാസമാണ് കണ്ടെത്തിയിരിക്കുന്നത്

ചങ്ങനാശേരി: ചങ്ങനാശ്ശേരി ഔട്ട്‌ലെറ്റില്‍ നിന്ന് അരക്കോടിയിലധികം രൂപയുടെ മദ്യം കാണാതായെന്ന് കണ്ടെത്തി. ജില്ലാ ഓഡിറ്റ് ടീം പരിശോധനയിലാണ് ബിവ്‌റേജസ് കോര്‍പറേഷന്റെ ചങ്ങനാശേരി ഔട്ട്ലെറ്റ് സ്റ്റോക്കില്‍ നിന്ന് അതിഭീമമായ തുകയുടെ വ്യത്യാസം കണ്ടെത്തിയത്.

ഇക്കഴിഞ്ഞ ഡിസംബര്‍ ഒന്ന് മുതല്‍ 2019 ജനുവരി മൂന്ന് വരെയുള്ള കാലയളവില്‍ ഔട്ട്ലെറ്റിലെ സ്റ്റോക്കില്‍ 53,21,973 രൂപയുടെ വ്യത്യാസമാണ് കണ്ടെത്തിയിരിക്കുന്നത്. പിന്നീട് ജനുവരി 4 മുതല്‍ മാര്‍ച്ച് 17 വരെയുള്ള കണക്കില്‍ 5,84,584 രൂപയുടെ കുറവും കണ്ടെത്തിയിട്ടുണ്ട്.

ഒരു ലക്ഷം രൂപ മൂല്യം വരുന്ന ലോഡിറക്കുമ്പോഴും മാറ്റിവയ്ക്കുമ്പോഴും കുപ്പികള്‍ പൊട്ടിയും മറ്റുമുണ്ടാകുന്ന സ്വാഭാവിക നഷ്ടം 50 രൂപ എന്നാണ് കണക്കാക്കുന്നത്. ഈ കാലയളവില്‍ ജോലിയിലുണ്ടായിരുന്ന, ഷോപ്പ് ഇന്‍ ചാര്‍ജായിരുന്ന ഉദ്യോഗസ്ഥന്‍ മരിച്ചുപോയി.

എന്നാല്‍ നഷ്ടമായ പണം ജീവനക്കാരില്‍ നിന്ന് ഈടാക്കാനുള്ള തീരുമാനം ഇത് വരെ എടുത്തിട്ടില്ല. അതേസമയം പത്ത് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഔട്ട്ലെറ്റിലെ ഏഴ് ജീവനക്കാര്‍ക്ക് ജില്ലാ ഓഡിറ്റ് ടീം നോട്ടീസ് നല്‍കിയിട്ടുണ്ട്.

അതേസമയം ചങ്ങനാശേരി ഔട്ട്ലെറ്റില്‍ സ്റ്റോക്കില്‍ ഭീമമായ വ്യത്യാസം സംഭവിച്ചിട്ടും ബിവറേജസ് കോര്‍പറേഷന്‍ വിശദമായ അന്വേഷണം ഇത് വരെ നടത്തിയില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Exit mobile version