ഡോക്ടര്‍മാര്‍ പണിമുടക്കി സമരം നടത്തുന്നതിനോടു യോജിപ്പില്ല; കേരളത്തിലെ ഡോക്ടര്‍മാര്‍ സേവനം തടസപ്പെടുത്തി പണിമുടക്കിലേക്കു പോവുന്നവരല്ല; കെക ശൈലജ

കേരളത്തിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സേവനം തടസപ്പെടുത്തി പണിമുടക്കിലേക്കു പോവുന്നവരല്ല എന്നാണ് അനുഭവം.

കണ്ണൂര്‍: ജനങ്ങളുടെ ജീവനുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന അവശ്യ സര്‍വീസ് എന്ന നിലയില്‍ ഡോക്ടര്‍മാര്‍ പണിമുടക്കി സമരം നടത്തുന്നതിനോടു യോജിപ്പില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കൊല്‍ക്കത്തയിലെ ഡോക്ടര്‍മാര്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് തിങ്കളാഴ്ച ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി സമരം പ്രഖ്യാപിച്ചതിനെ കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ ഡോക്ടര്‍മാര്‍ അത്തരമൊരു പണിമുടക്കിലേക്കു പോവില്ലെന്നാണ് കരുതുന്നതെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മറ്റെല്ലാവര്‍ക്കും ഉള്ളപോലെ അവകാശം സംരക്ഷണം ഡോക്ടര്‍മാര്‍ക്കും വേണ്ടതാണ്. അതിനായി ഒരു ദിവസത്തെ സൂചനാ സമരമൊക്കെ നടത്താം. എങ്കില്‍ പോലും ജനങ്ങളുടെ ജീവനുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഒരു അവശ്യ സര്‍വീസ് എന്ന നിലയ്ക്ക് അവര്‍ പണിമുടക്കി സമരം നടത്തുന്നതിനോടു യോജിപ്പില്ലെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സേവനം തടസപ്പെടുത്തി പണിമുടക്കിലേക്കു പോവുന്നവരല്ല എന്നാണ് അനുഭവം. ചര്‍ച്ചകളില്‍ പങ്കെടുത്ത് കാര്യങ്ങള്‍ മനസിലാക്കിയാണ് അവര്‍ പ്രതികരിച്ചുകണ്ടിട്ടുള്ളത്. ദീര്‍ഘമായ ഒരു പണിമുടക്കിലേക്കു ഡോക്ടര്‍മാര്‍ പോവില്ലെന്നാണ് കരുതുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

അതെസമയം കൊല്‍ക്കത്തയിലെ ഡോക്ടര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്നലെ തിരുവനന്തപുരത്ത് ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചിരുന്നു. ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച രാജ്യവ്യാപകമായി പണിമുടക്കുമെന്നാണ് ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎ അറിയിച്ചിരിക്കുന്നത്.

Exit mobile version