ദേശീയ തലത്തില്‍ വിഷത്തോടാണ് നമ്മള്‍ പോരാടുന്നത്; ബിജെപിയുടെ വെറുപ്പിന്റെ രാഷ്ട്രീയത്തെ സ്‌നേഹം, ദയ എന്നിവ കൊണ്ട് കോണ്‍ഗ്രസ് ചെറുക്കും; രാഹുല്‍ ഗാന്ധി

കല്‍പ്പറ്റ: നരേന്ദ്ര മോഡിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോഡി വെറുപ്പിന്റെ വിഷം പടര്‍ത്തുകയാണെന്നും, ദേശീയ തലത്തില്‍ വിഷത്തിനെതിരായ പോരാട്ടത്തിലാണ് കോണ്‍ഗ്രസെന്നും രാഹുല്‍ പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മിന്നും വിജയം സമ്മാനിച്ച വയനാട്ടിലെ വോട്ടര്‍മാരോട് നന്ദി പറയാനെത്തിയ രാഹുല്‍ഗാന്ധി, കല്‍പ്പറ്റയില്‍ നടത്തിയ റോഡ്‌ഷോയില്‍ സംസാരിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചത്.

‘ദേഷ്യം, വെറുപ്പ്, അരക്ഷിതത്വം, നുണ എന്നിവയെയാണ് നരേന്ദ്രമോഡി പ്രതിനിധാനം ചെയ്യുന്നത്. സ്‌നേഹം, ദയ എന്നിവ കൊണ്ട് കോണ്‍ഗ്രസ് ബിജെപിയുടെ വെറുപ്പിന്റെ രാഷ്ട്രീയത്തെ ചെറുക്കും.രാജ്യത്തെ വിഭജിക്കാന്‍ മോഡി വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഷം പടര്‍ത്തുകയാണ്. തെരഞ്ഞെടുപ്പ് വിജയിക്കാന്‍ നുണ പ്രചരിപ്പിച്ചുവെന്നും രാഹുല്‍ഗാന്ധി ആരോപിച്ചു.

പ്രായമോ, എവിടെ നിന്ന് വരുന്നുവെന്നോ, പ്രത്യയശാസ്ത്രം എന്തെന്നോ നോക്കാതെ, വയനാട്ടിലെ ഏത് പൗരനും സങ്കോചമില്ലാതെ കടന്നുവരാം. കോണ്‍ഗ്രസിന്റെ വാതില്‍ എല്ലാ ജനങ്ങള്‍ക്കും മുന്നില്‍ തുറന്നുകിടക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

Exit mobile version