റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കിടന്ന് കിട്ടിയ ബാഗില്‍ 10 ലക്ഷത്തിന്റെ സ്വര്‍ണ്ണം; ഉടമയെ തേടിപിടിച്ച് കണ്ടെത്തി തിരികെ ഏല്‍പ്പിച്ച് ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍, നന്മ

ഇന്നലെ പുലര്‍ച്ചെ 1.15ന് ആലപ്പുഴയില്‍ നിന്നു ഗുരുവായൂര്‍-ചെന്നൈ ട്രെയിനില്‍ കയറിയ തിരുനെല്‍വേലി സ്വദേശി മുത്തുകുമാറിന്റേതായിരുന്നു ആ ബാഗ്.

ആലപ്പുഴ: റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കിടന്ന് കിട്ടിയ ബാഗ് ഉടമയെ തിരികെ ഏല്‍പ്പിച്ച് താരമായി ആര്‍പിഎഫ് കോണ്‍സ്റ്റബിളായ അനില്‍ കുമാര്‍. ബാഗില്‍ പത്ത് ലക്ഷത്തിന്റെ 40 പവനോളം സ്വര്‍ണ്ണമാണ് ഉണ്ടായിരുന്നത്. ബാഗ് കിട്ടിയ ഉടന്‍ തന്നെ അദ്ദേഹം സ്റ്റേഷന്‍ മാസ്റ്ററെ ഏല്‍പ്പിക്കുകയായിരുന്നു. പിന്നീടാണ് ഉടമ തന്റെ കളഞ്ഞു പോയ ബാഗിനെ തേടി എത്തുന്നത്.

ഇന്നലെ പുലര്‍ച്ചെ 1.15ന് ആലപ്പുഴയില്‍ നിന്നു ഗുരുവായൂര്‍-ചെന്നൈ ട്രെയിനില്‍ കയറിയ തിരുനെല്‍വേലി സ്വദേശി മുത്തുകുമാറിന്റേതായിരുന്നു ആ ബാഗ്. ആലപ്പുഴയില്‍ ഒരു വിവാഹ ചടങ്ങിനു വന്ന മുത്തുകുമാര്‍ ട്രെയിനില്‍ അമ്പലപ്പുഴ എത്തിയപ്പോഴാണു ബാഗ് നഷ്ടമായ വിവരം അറിയുന്നത്.

ഉടന്‍ തന്നെ അമ്പലപ്പുഴ സ്റ്റേഷന്‍ മാസ്റ്റര്‍ക്കു പരാതി നല്‍കി. എന്നാല്‍ അതിനു മുന്‍പു തന്നെ അനില്‍കുമാര്‍ 40 പവന്‍ അടങ്ങിയ ബാഗ് ആലപ്പുഴ സ്റ്റേഷന്‍ മാസ്റ്ററെ ഏല്‍പ്പിച്ചിരുന്നു. ആലപ്പുഴയില്‍ എത്തിയ മുത്തുകുമാറിന് അനില്‍കുമാറിന്റെ സാന്നിധ്യത്തില്‍ ആര്‍പിഎഫ് എസ്‌ഐ തുളസിദാസ് ബാഗ് കൈമാറുകയും ചെയ്തു. ഈ നന്മയ്ക്കാണ് സമൂഹമാധ്യമങ്ങളും മറ്റും കൈയ്യടിക്കുന്നത്.

Exit mobile version