കണ്ണനെ തൊഴാന്‍ മോഡി ഇന്ന് ഗുരുവായൂരില്‍; കനത്ത സുരക്ഷ

അവിടെ ഒന്നാം നമ്പര്‍ വിവിഐപി മുറിയില്‍ വിശ്രമിച്ചശേഷം ലഘുഭക്ഷണം കഴിച്ച് ക്ഷേത്രത്തിലേക്ക് പോകും. പത്തുമുതല്‍ 11.10 വരെയാണ് ദര്‍ശനം.

ഗുരുവായൂര്‍: ഗുരുവായൂരപ്പനെ തൊഴാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് ഗുരുവായൂരില്‍. ക്ഷേത്ര ദര്‍ശനവും താമരപ്പൂക്കള്‍ കൊണ്ടുള്ള തുലാഭാരവും കഴിഞ്ഞതിനു ശേഷം മോഡി പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. അരമണിക്കൂറുള്ള സമ്മേളനത്തില്‍ അദ്ദേഹം പത്ത് മിനിറ്റ് പ്രസംഗിക്കും.

രാവിലെ 9.45-ന് ശ്രീകൃഷ്ണ കോളേജിലെ പുതിയ ഹെലിപാഡില്‍ ഹെലികോപ്റ്റര്‍ ഇറങ്ങി കാറില്‍ ദേവസ്വത്തിന്റെ ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തും. അവിടെ ഒന്നാം നമ്പര്‍ വിവിഐപി മുറിയില്‍ വിശ്രമിച്ചശേഷം ലഘുഭക്ഷണം കഴിച്ച് ക്ഷേത്രത്തിലേക്ക് പോകും. പത്തുമുതല്‍ 11.10 വരെയാണ് ദര്‍ശനം.

ക്ഷേത്രം കിഴക്കേഗോപുരകവാടത്തില്‍ പ്രധാനമന്ത്രിയെ പൂര്‍ണകുംഭം നല്‍കി എതിരേല്‍ക്കും. ഗുരുവായൂരപ്പനെ തൊഴുത് സോപാനപ്പടിയില്‍ കാണിക്ക സമര്‍പ്പിക്കും. ഉപദേവന്മാരെ തൊഴുത്, ചുറ്റമ്പലപ്രദക്ഷിണം കഴിഞ്ഞ് താമരപ്പൂക്കള്‍ കൊണ്ട് തുലാഭാരം വഴിപാടും നടത്തിയാകും പ്രധാനമന്ത്രി ക്ഷേത്രത്തില്‍ നിന്ന് മടങ്ങുക.

വീണ്ടും ശ്രീവത്സത്തിലെത്തിയശേഷം 11.25-ന് ശ്രീകൃഷ്ണ സ്‌കൂള്‍ മൈതാനത്തെ സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ബിജെപി സംസ്ഥാനസമിതിയാണ് പൊതുസമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്.

അതേസമയം, പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഗുരുവായൂരും പരിസരത്തും കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ ഗുരുവായൂര്‍ ക്ഷേത്രപരിസരത്തും ശ്രീകൃഷ്ണ കോളേജിലെ ഹെലിപാഡ് പരിസരത്തും മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റ്, ഹാങ് ഗ്ലൈഡേഴ്സ്, റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന കളിപ്പാട്ടവിമാനം, ഹെലിക്യാം, ഡ്രോണ്‍ തുടങ്ങിയവ ഉപയോഗിക്കുന്നത് നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

Exit mobile version