നിപ്പാ വൈറസ്; ആരോഗ്യമന്ത്രി കെകെ ഷൈലജ ഇന്ന് ഡല്‍ഹിക്ക് തിരിക്കും

കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യും.

തിരുവനന്തപുരം: കൊച്ചിയില്‍ യുവാവിന് നിപ്പാ വൈറസ് ബാധ കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെകെ ഷൈലജ ഇന്ന് ഡല്‍ഹിക്ക് തിരിക്കും. ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധനുമായി മന്ത്രി കെകെ ഷൈലജ കൂടിക്കാഴ്ച നടത്തും. കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യും.

കോഴിക്കോട് റീജണല്‍ വൈറോളജി ലാബ് വേണമെന്ന ആവശ്യം കെകെ ഷൈലജ വീണ്ടും കേന്ദ്രമന്ത്രിയെ അറിയിക്കും. കോഴിക്കോട് ലാബിന് കേന്ദ്രം അനുവദിച്ച മൂന്ന് കോടി രൂപ മതിയാകില്ലെന്നും കൂടുതല്‍ തുക വേണമെന്ന് ആരോഗ്യമന്ത്രി കേന്ദ്രമന്ത്രിയെ അറിയിക്കും.

അതേസമയം, കേരളം സന്ദര്‍ശിക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും അടിയന്തര സാഹചര്യം ഉണ്ടായാല്‍ സംസ്ഥാനത്തെത്തുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ പറഞ്ഞു. നിലവില്‍ 316 പേരാണ് നിരീക്ഷണത്തില്‍ തുടരുന്നത്. എന്നാല്‍ ഇത്രയും പേര്‍ രോഗബാധിതനായ വിദ്യാര്‍ത്ഥിയുമായി അടുത്ത് ഇടപഴകിയവരല്ല. അതേസമയം, നിപ്പാ ബാധയുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് കേരളത്തില്‍ നിരീക്ഷണത്തിലുള്ള ആറ് പേര്‍ക്കും നിപ്പാ ബാധയില്ലെന്ന് സ്ഥിരീകരിച്ചു.

Exit mobile version