വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രാധാന്യം വീണ്ടും ചര്‍ച്ചയാവുന്നു

ഒരു കെട്ടിടം ഉണ്ടെങ്കിലും അവിടെ ആവശ്യമായ ഉപകരണങ്ങള്‍ ഇന്നും സജ്ജമായിട്ടില്ല

തിരുവനന്തപുരം: കേരളത്തില്‍ പേരിന് മാത്രമായി ഒരു വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഉണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത തിരുവനന്തപുരം മംഗലപുരത്തെ ലൈഫ് സയന്‍സ് പാര്‍ക്കിനകത്തുള്ള വൈറോളജി ലാബും ഇന്‍സ്റ്റിറ്റ്യൂട്ടും അടുത്ത കാലത്തൊന്നും പ്രവര്‍ത്തനം തുടങ്ങാന്‍ സാധ്യതയില്ല.

ഒരു കെട്ടിടം ഉണ്ടെങ്കിലും അവിടെ ആവശ്യമായ ഉപകരണങ്ങള്‍ ഇന്നും സജ്ജമായിട്ടില്ല. അതിന് വേണ്ട നടപടി ക്രമങ്ങള്‍ ഇതുവരെയും ആരംഭിച്ചിട്ടും ഇല്ല. ഉപകരണങ്ങള്‍ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യണം. കമ്പനികള്‍ക്ക് ഓര്‍ഡര്‍ നല്‍കിയാല്‍ ഇവ നിര്‍മ്മിച്ച് ലാബിലെത്തിക്കുവാന്‍ മാസങ്ങളോളം വേണ്ടിവരും. ഇതിനു ശേഷമേ ലാബിലേക്കും ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും സാങ്കേതിക വിദഗ്ദ്ധരെ നിയമിക്കാന്‍ കഴിയൂ. വിദഗ്ദ്ധരെ യഥാസമയം ലഭിച്ചെന്നിരിക്കില്ല. പൂനയില്‍ നിന്നോ മണിപ്പാലില്‍ നിന്നോ എത്തിക്കും എന്ന അവകാശവാദത്തിലാണ് അധികൃതര്‍.

കേരളത്തെ പിടിച്ച് കുലുക്കിയ നിപ്പാവൈറസ് വ്യാപകമായി പടര്‍ന്നതോടെയാണ് സംസ്ഥാനത്ത് ഒരു ഒരു വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന ആശയം ഉയര്‍ന്നത്. കേരളത്തില്‍ നിപ്പാ വന്നപ്പോള്‍ പൂനെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കോ മണിപ്പാലിലേക്കോ അയച്ച് വേണം ഫലം അറിയാന്‍. ഇതിന് ദിവസങ്ങള്‍ കാത്തിക്കേണ്ടിയും വന്നിട്ടുണ്ട്. ഈ സമയത്താണ് കേരളത്തില്‍ സ്വന്തമായി ഒരു വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ ഫലപ്രദമായി നിപ്പായെ പ്രതിരോധിക്കാന്‍ സാധിക്കുമായിരുന്നെന്ന വാദം ശക്തമായത്. എന്നാല്‍ നിപ്പാ താല്‍കാലികമായി ഒന്നു അടങ്ങിയപ്പോള്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കാര്യവും മറന്നു. വീണ്ടും നിപ്പാ സ്ഥിരീകരിച്ചതോടെയാണ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രാധാന്യം ചര്‍ച്ചയാവുന്നത്.

Exit mobile version