ഇനി മുതല്‍ കാര്‍ഷിക വായ്പയ്ക്ക് കൃഷി ഓഫീസറുടെ സാക്ഷ്യപത്രം വേണം

തൃശൂര്‍: ഇനി മുതല്‍ കാര്‍ഷിക വായ്പ ലഭിക്കുന്നതിന് കൃഷി ഓഫീസറുടെ സാക്ഷ്യപത്രം വേണം. ഈ പുതിയ നിബന്ധന വായ്പ അപേക്ഷിക്കുന്നയാള്‍ കര്‍ഷകനാണെന്ന് ഉറപ്പാക്കുന്നതിനാണ്. കൃഷി ആവശ്യങ്ങള്‍ക്കല്ലാതെ കാര്‍ഷിക വായ്പ വ്യാപകമായി ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് കൃഷിവകുപ്പിന്റെ ഇത്തരമൊരു ഇടപെടല്‍.

കൃഷിവകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇത് ഏറെ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിരുന്നു. പലിശയിളവ് മുതലെടുത്ത് വായ്പയെടുത്തവരില്‍ ഭൂരിഭാഗവും കര്‍ഷകരല്ലെന്നാണ് കൃഷി വകുപ്പിന്റെ കണ്ടെത്തല്‍. മാത്രമല്ല പ്രളയം ബാധിച്ച കര്‍ഷകരുടെ വായ്പക്ക് മൊറട്ടോറിയം നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പോലും ദുരുപയോഗം മൂലം നടക്കാത്ത സാഹചര്യമാണ്. ഈ വായ്പ ദുരുപയോഗം ഏറെ ബാധിക്കുന്നത് കര്‍ഷകരെയാണ്.

ഒപ്പം കൃഷി വകുപ്പ് സ്വര്‍ണപ്പണയത്തില്‍ ബാങ്കുകള്‍ കാര്‍ഷിക വായ്പ നല്‍കുന്നതിനെതിരെ റിസര്‍വ് ബാങ്കിന് പരാതി നല്‍കാന്‍ തയാറെടുക്കുകയാണ്. നാല് ശതമാനം പലിശയാണ് കാര്‍ഷികവായ്പയുടെ മുഖ്യ ആകര്‍ഷണം. ഇത്തരത്തില്‍ ബാങ്കുകളില്‍ നിന്ന് വായ്പ നല്‍കിയത് കോടിക്കണക്കിന് രൂപയാണ്. ദുരുപയോഗം ചെയ്യപ്പെടുന്നത് കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പലിശയിളവാണ്.

Exit mobile version