കടലിലെ പ്ലാസ്റ്റിക്മാലിന്യം നീക്കം ചെയാന്‍ കരയില്‍ നിന്ന് തുനിഞ്ഞെറങ്ങി പ്രിയേഷ്‌

ഒഞ്ചിയം: കടലിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാന്‍ തുനിഞ്ഞിറങ്ങി അഴിയൂര്‍ പഞ്ചായത്ത്. മത്സ്യത്തൊഴിലാളിയായ ചോമ്പാല മാളിയേക്കല്‍ സ്വദേശി പ്രിയേഷാണ് ഇതിന് നേതൃത്വം നല്‍കുന്നത്. വള്ളവും വലയുമായി എത്തുന്ന പ്രിയേഷ് കടലിലിറങ്ങി പ്ലാസ്റ്റിക് വലവീശിയെടുത്ത് കരക്കെത്തിക്കും. ഇങ്ങനെ ഒരുമാസം കൊണ്ട് പ്രിയേഷ് കടലില്‍ നിന്ന് ശേഖരിച്ചത് മാലിന്യത്തിന്റെ കൂമ്പാരമാണ്.

ഇത്തരത്തില്‍ മാലിന്യം നീക്കുന്ന പരിപാടി തുടരാന്‍ തന്നെയാണ് ഒഞ്ചിയൂര്‍ പഞ്ചായത്തിന്റെ തീരുമാനം.
പല സ്ഥലങ്ങളില്‍ നിന്ന് ഒഴുകി എത്തുന്ന മാലിന്യം പലപ്പോഴും പരിസ്ഥതി പ്രശ്നം പോലെ തന്നെ മത്സ്യ തൊഴിലാളികള്‍ക്കും ഭീഷണിയാണ്. നടുക്കടലില്‍ നിന്ന് വലയെറുയുമ്പോള്‍ മീനുകളെക്കാള്‍ മാലിന്യമാണ് വലയില്‍ കുടുങ്ങാറുള്ളത്.

അതിനാല്‍ കടലിലെ മാലിന്യം നീക്കം ചെയ്യണമെന്ന ആഗ്രഹം പ്രിയേഷില്‍ ശക്തമായിരുന്നു. ഈ വിഷയം അഴിയൂര്‍ പഞ്ചായത്തിനെയും ധരിപ്പിച്ചു. ആരോഗ്യജാഗ്രത പദ്ധതിയുമായി തീരദേശത്ത് ശുചീകരണം നടത്താന്‍ നിശ്ചയിച്ച പഞ്ചായത്ത് കടലിലെ പ്ലാസ്റ്റിക്കും നീക്കംചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

നാലുഘട്ടങ്ങളിലായാണ് ശുചീകരണം നടന്നത്. ഇതിനായി പ്രത്യേകതരം വലയാണ് ഉപയോഗിക്കുക. കടലിലും തീരത്തുനിന്നുമായി അഴിയൂര്‍ പഞ്ചായത്ത് ശേഖരിച്ചത് 13.5 ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ്.
ഇതില്‍ ഒരു വലിയ പങ്ക് തന്നെയാണ് പ്രിയേഷ് വഹിക്കുന്നത്. തീരത്തുനിന്നും രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ വള്ളവുമായി പോയി വലവീശിയാണ് പ്രിയേഷ് മാലിന്യം ശേഖരിക്കുന്നത്.

ഒരുമാസമായി മത്സ്യബന്ധനം കഴിഞ്ഞുള്ള ഒരു മണിക്കൂര്‍ സമയം പ്രിയേഷ് നീക്കിവെക്കുന്നത് കടലിലെ പ്ലാസ്റ്റിക് കരയ്ക്കെത്തിക്കാനാണ്. പ്രതിഫലം ഒന്നും വാങ്ങാതെ തന്നെയാണ് പ്രിയേഷിന്റെ ഈ സേവനം.
അതേസമയം ഒരു പഞ്ചായത്തിന്റെ പിന്തുണ മാത്രം ഉണ്ടായത് കൊണ്ട് വലിയ ഗുണമില്ലെന്നും തീരദേശത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളും കടലിലെ പ്ലാസ്റ്റിക് നീക്കാന്‍ തയ്യാറായാല്‍ ഇതിന് പ്രതിഫലം ഉണ്ടാകുമെന്നുമാണ് പ്രിയേഷ് പറയുന്നത്.

ഓഖിദുരന്തസമയത്ത് കടലില്‍ ഒഴുകി നടന്ന മൃതദേഹങ്ങള്‍ കരയ്ക്കെത്തിക്കുന്നതില്‍ പ്രിയേഷ് മുന്‍ പന്തിയില്‍ തന്നെ ഉണ്ടായിരുന്നു. പ്രളയസമയത്ത് രക്ഷാപ്രവര്‍ത്തകനായി തെക്കന്‍ജില്ലകളില്‍ പോയി. മൂന്നുവര്‍ഷംമുമ്പ് വള്ളം കേടായി നടുക്കടലില്‍ കുടുങ്ങിയിരുന്നു പ്രിയേഷും സുഹൃത്ത് പ്രവീണും കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ ഏറെ സാഹസികമായാണ് രക്ഷപ്പെട്ടത്.

Exit mobile version