10-ാംവയസില്‍ പൊടുന്നനെ സംസാരശേഷി നഷ്ടപ്പെട്ടു, 40 വര്‍ഷത്തിനു ശേഷം അപ്രതീക്ഷിതമായി സംസാരശേഷി തിരിച്ചു കിട്ടി; അമ്പരപ്പില്‍ ഉറ്റവര്‍

സംസാരശേഷി ഇല്ലാത്തതിനാല്‍ ആരോടും അടുപ്പം കാണിച്ചിരുന്നില്ല. ആംഗ്യത്തിലൂടെയാണ് കാര്യങ്ങള്‍ മനസിലാക്കിയത്.

നാദാപുരം: 10-ാം വയസില്‍ പൊടുന്നനെ നഷ്ടപ്പെട്ട സംസാരശേഷി 40 വര്‍ഷത്തിനു ശേഷം അപ്രതീക്ഷിതമായി തിരിച്ചു കിട്ടിയതിന്റെ അത്ഭുതത്തിലാണ് തോലേരി ബാബുവിന്റെ വീട്ടുകാര്‍. 10-ാം വയസില്‍ നഷ്ടപ്പെട്ട സംസാരശേഷി 40 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബാബു(52)വിന് തിരിച്ചു കിട്ടിയത്. വീട്ടുകാര്‍ക്കൊപ്പം നാട്ടുകാരും അമ്പരപ്പിലാണ്.

വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ സഹോദരന്‍ രാജന്‍ ‘എങ്ങോട്ട് പോകുന്നു’ വെന്ന് ചോദിച്ചപ്പോഴായിരുന്നു ബാബു ഏവരെയും അമ്പരപ്പിച്ച് സംസാരിച്ചത്. ‘ചെത്തില്‍ പോകണം ‘ എന്നായിരുന്നു ബാബു നല്‍കിയ മറുപടി. മറുപടി കേട്ട് രാജനൊപ്പം വീട്ടുകാരും ഞെട്ടി. മറ്റൊരു സഹോദരനായ കൃഷ്ണന്റെ വിടാണ് ”ചെത്തില്‍ വീട്” 2 പറമ്പിന് അപ്പുറത്തെ ചെത്തില്‍ വീട്ടിലെത്തിയപ്പോള്‍ കൃഷ്ണന്റെ ഭാര്യ സുജാതയ്ക്ക് കാര്യങ്ങള്‍ വിശ്വസിക്കാനായില്ല.’എന്താ വന്നേ’ എന്ന് ചോദിച്ചപ്പോള്‍ ‘ഞാ പോന്നതാ’ എന്നാണ് ബാബു പറഞ്ഞത്.

ഇതോടെ വീട്ടില്‍ സന്തോഷത്തിന്റെയും, അതിലുപരി അത്ഭുതത്തിന്റെ നിമിഷങ്ങളായിരുന്നു. 42 വര്‍ഷത്തിലേറെ കേള്‍ക്കാത്ത ശബ്ദം ആദ്യമായി കേട്ടതിന്റെ അമ്പരപ്പായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ചെത്തില്‍ വീട്ടിലാണ് ബാബുവിന്റെ താമസം. ബാബുവിന് സംസാര ശേഷി തിരിച്ചു കിട്ടി എന്നറിഞ്ഞതോടെ നാട്ടുകാരെല്ലാം ബാബു സംസാരിക്കുന്നത് കേള്‍ക്കാന്‍ ഓരോ കാര്യങ്ങള്‍ അന്വേഷിച്ചു കൊണ്ടിരുന്നു.

അതിനെല്ലാം കുറഞ്ഞൊരു സങ്കോചത്തോടെ ബാബു മറുപടിയും നല്‍കുന്നുണ്ട്. അരൂര്‍ കണ്ണംകുളം എല്‍പി സ്‌കൂളില്‍ 4 ല്‍ പഠിക്കുമ്പോഴാണ് ബാബുവിന് സംസാരശേഷി നഷ്ടമായത്. അതോടെ സ്‌കൂള്‍ പഠനം നിര്‍ത്തി വീട്ടിലിരിക്കുകയായിരുന്നു. അതുവരെ കാണിച്ചിരുന്ന പ്രസരിപ്പ് നഷ്ടമായതായി അന്ന് സ്‌കൂളില്‍ പഠിച്ചിരുന്ന ചെത്തില്‍ കുമാരന്‍ പറഞ്ഞു. പിന്നീടാണ് ബാബുവിന്റെ ലോകം വീടും പരിസരവുമായി ഒതുങ്ങിയത്. പരസഹായമില്ലാതെ പുറത്തേക്ക് പോകാതായി.

സംസാരശേഷി ഇല്ലാത്തതിനാല്‍ ആരോടും അടുപ്പം കാണിച്ചിരുന്നില്ല. ആംഗ്യത്തിലൂടെയാണ് കാര്യങ്ങള്‍ മനസിലാക്കിയത്. ഇപ്പോള്‍ കണ്ണിന് മങ്ങലും കേള്‍വിക്കുറവും ഉണ്ട്. അതിന്റെ ചെറിയ വിഷമം ബാബുവിനെ അലട്ടുന്നുണ്ട്. ആശുപത്രിയിലും മറ്റും പോയിരുന്നത് വാഹനത്തിലായിരുന്നു. ഛര്‍ദ്ദി കാരണം വാഹനത്തില്‍ അധികം സഞ്ചരിക്കാനും കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇന്നലെ സുജാതയ്ക്കുമൊപ്പം കുന്നുമ്മല്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തി ഡോക്ടറെ കണ്ടു. അത്രയും ദൂരം സഞ്ചരിച്ചിട്ടും ഛര്‍ദ്ദിച്ചില്ലെന്ന് സുജാത പറഞ്ഞു.

4 പതിറ്റാണ്ടിന് ശേഷം സംസാരിച്ച ബാബുവിനെ ആരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ.സിന്ധു വിശദമായി പരിശോധിച്ചു. ബാബുവില്‍ അത്ഭുതകരമായി ഒന്നും കണ്ടില്ല. എന്നാല്‍ മെഡിക്കല്‍ സയന്‍സില്‍ ഇത്തരം അത്ഭുതങ്ങള്‍ സംഭവിക്കാറുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. കാഴ്ചക്കുറവ് പരിഹരിക്കാനുള്ള ചികിത്സ നടത്താനാണ് വീട്ടുകാരുടെ തീരുമാനം. ബാബുവിനോട് വിശേഷങ്ങള്‍ ചോദിച്ചറിയുന്ന തിരക്കിലാണ് നാട്ടുകാര്‍. ചോദ്യങ്ങള്‍ക്ക് എല്ലാം കൃത്യമായി ഉത്തരവും ബാബു നല്‍കുന്നുണ്ട്. വിവരമറിഞ്ഞെത്തിയവരോട് ‘ചായ കഴിച്ചു പോകാ’മെന്ന് അക്ഷര സ്ഫുടതയോടെയാണ് ബാബു പറഞ്ഞത്. വിദേശത്തു നിന്നു വിളിക്കുന്ന ബന്ധുക്കളോടും മറ്റും ഫോണില്‍ കൃത്യമായി മറുപടിയും നല്‍കുന്നുണ്ട്. എന്തായാലും ബാബുവിന് സംസാരശേഷി തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് നാട്ടുകാരും വീട്ടുകാരും.

Exit mobile version