ശബരിമലയില്‍ സ്വര്‍ണ്ണത്തിലെയും വെള്ളിയിലെയും കുറവ് അതീവ ഗുരുതരം; ബിജെപി നേതാവ് കെ സുരേന്ദ്രന്‍

തിരുവനന്തപുരം; ശബരിമലയില്‍ ഭക്തര്‍ കാണിക്കയായി സമര്‍പ്പിച്ച സ്വര്‍ണ്ണത്തിലും വെള്ളിയിലും കുറവ് കണ്ടെത്തിയ സംഭവം അതീവ ഗുരുതരമാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് കെ സുരേന്ദ്ര പ്രതികരണവുമായി രംഗത്തെത്തിയത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോര്‍ഡ് ചെയര്‍മാനും സംഭവത്തെക്കുറിച്ച് പ്രതികരിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ്ണവും വെള്ളിയും എവിടെയാണുള്ളതെന്ന് അറിയാന്‍ ഭക്തജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

40 കിലോ സ്വര്‍ണത്തിന്റെയും 100 കിലോ വെള്ളിയുടെയും കുറവാണ് കണ്ടെത്തിയത്. ഇതിന്റെ പാശ്ചാതലത്തില്‍ നാളെ പരിശോധന നടത്താന്‍ തീരുമാനിച്ചു. അസിസ്റ്റന്‍ഡ് അക്കൗണ്ട്‌സ് ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കാണ് സ്‌ട്രോങ് റൂമിന്റെ ചുമതല. നാളെ 12 മണിക്കാണ് സ്‌ട്രോങ്ങ് റൂം തുറന്ന് പരിശോധിക്കുന്നത്. ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളുടെ സ്‌ട്രോങ് റൂം ആറന്മുളയിലാണ്.

അതേസമയം ബരിമലയില്‍ നിന്ന് ഒരുതരി സ്വര്‍ണം പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പ്രതികരിച്ചു. ദേവസ്വം ബോര്‍ഡിന് വീഴ്ച പറ്റിയിട്ടില്ല. എല്ലാത്തിനും കൃത്യമായ കണക്കുണ്ട്. നിലവിലെ വിവാദം അനാവശ്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.

Exit mobile version