ജ്യൂസ് അടിക്കാനായി ഉപയോഗിക്കുന്നത് ചീഞ്ഞപഴങ്ങള്‍; അടിക്കുന്ന കടക്കാരന്റെ കൈകളില്‍ അണുബാധയും; വൃത്തിഹീനത കണ്ടെത്തിയത് തൃശ്ശൂരിലെ നൂറിലധികം ഹോട്ടലുകളില്‍! ജാഗ്രത

ജില്ലയില്‍ ആരോഗ്യവകുപ്പ് നടത്തിയ റെയ്ഡില്‍ 112 സ്ഥാപനങ്ങളാണ് ഇതേതരത്തില്‍ വൃത്തിയില്ലാതെ ആഹാരം പാകംചെയ്യുന്നതായി കണ്ടെത്തിയത്.

തൃശ്ശൂര്‍: തൃശ്ശൂര്‍ നഗരത്തില്‍ നടത്തിയ റെയ്ഡില്‍ വൃത്തി ഇല്ലാതെ കണ്ടെത്തിയത് നൂറിലധികം ഹോട്ടലുകള്‍. ജ്യൂസ് അടിക്കാനും മറ്റുമായി ചീഞ്ഞളിഞ്ഞ പഴവര്‍ഗങ്ങളാണ് ഉപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതിലേറെ അമ്പരപ്പിക്കുന്നത് ജ്യൂസ് അടിക്കുന്നവന്റെ കൈകളില്‍ അണുബാധയുണ്ടെന്നതാണ്. റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിനു പിന്നാലെ തൃശ്ശൂര്‍ നഗരം ആശങ്കയിലാണ്.

ആ റിപ്പോര്‍ട്ടുകള്‍ക്ക് പുറമെ ഞെട്ടിപ്പിക്കുന്ന മറ്റ് കാര്യങ്ങള്‍ കൂടി ഉണ്ട്. മറ്റൊന്നുമല്ല, ബാക്കി വരുന്ന മാലിന്യങ്ങളും മറ്റും തള്ളുന്നത് ആഹാരം പാകംചെയ്യുന്നതിന് തൊട്ടടുത്താണ്. ഭക്ഷണം പാകംചെയ്യുന്നത് ആകട്ടെ കണ്ട് നില്‍ക്കാന്‍ പോലും പറ്റാത്ത ഇടങ്ങളില്‍. ഓണ്‍ലൈന്‍ ശൃംഖലകളിലൂടെ ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങളും മോശം സാഹചര്യത്തില്‍ ഭക്ഷണമുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ജില്ലയില്‍ ആരോഗ്യവകുപ്പ് നടത്തിയ റെയ്ഡില്‍ 112 സ്ഥാപനങ്ങളാണ് ഇതേ തരത്തില്‍ വൃത്തിയില്ലാതെ ആഹാരം പാകംചെയ്യുന്നതായി കണ്ടെത്തിയത്. ഇവര്‍ക്കെല്ലാം അധികൃതര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച 19 സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. 71 ഹോട്ടലുകള്‍, 16 കൂള്‍ ബാറുകള്‍, 16 ബേക്കറികള്‍, രണ്ട് കാറ്ററിങ് സെന്ററുകള്‍ എന്നിവയ്ക്കാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നോട്ടീസ് നല്‍കിയത്.

ആഹാരം സൂക്ഷിക്കുന്ന സ്ഥലത്തെ അവസ്ഥ, അടുക്കളയിലെ സാഹചര്യങ്ങള്‍, ആഹാരം പാകംചെയ്യുന്ന രീതി എന്നിവയാണ് പരിശോധിച്ചത്. ചില സ്ഥലങ്ങളില്‍ ശൗചാലയത്തോടുചേര്‍ന്ന് ആഹാരം പാകംചെയ്യുന്നതും കണ്ടെത്തിയിട്ടുണ്ട്. മിക്ക സ്ഥാപനങ്ങളിലും മറുനാടന്‍ തൊഴിലാളികളാണ് ആഹാരം പാകംചെയ്യുന്നതും വിളമ്പുന്നതും. മിക്ക തൊഴിലാളികള്‍ക്കും ആരോഗ്യ കാര്‍ഡ് എടുത്തിട്ടില്ല.

അതുകൊണ്ടുതന്നെ പകര്‍ച്ചവ്യാധികളുള്‍പ്പെടെയുള്ളവ ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തമല്ല. തുടര്‍ നടപടികള്‍ക്കായി ഭക്ഷ്യസുരക്ഷാ ഓഫീസര്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും 16 കേസുകള്‍ നല്‍കിയിട്ടുണ്ട്. വിവിധയിനങ്ങളിലായി 56,800 രൂപ പിഴയും ഈടാക്കി. പകര്‍ച്ചവ്യാധികള്‍ തടയുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച ഹെല്‍ത്തി കേരള പരിപാടിയുടെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. 1176 ഭക്ഷണശാലകളിലാണ് റെയ്ഡ് നടത്തിയത്.

Exit mobile version