ശബരിമലയില്‍ വഴിപാടായി ലഭിച്ച സ്വര്‍ണ്ണം, വെള്ളി തുടങ്ങിയ വിലപ്പിടിപ്പുള്ള വസ്തുക്കളില്‍ ഗണ്യമായ കുറവ്; നാളെ പരിശോധന നടത്തും

സ്വര്‍ണ്ണം സൂക്ഷിക്കുന്ന കാര്യത്തില്‍ നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കും

ശബരിമല: ശബരിമല ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച സ്വര്‍ണ്ണം, വെള്ളി തുടങ്ങിയ വിലപ്പിടിപ്പുള്ള വസ്തുക്കളില്‍ ഗണ്യമായ കുറവെന്ന് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ നാളെ സ്‌ട്രോങ് റൂം തുറന്ന് പരിശോധന നടത്തും. സ്വര്‍ണ്ണവും വെള്ളിയും സ്‌ട്രോങ് റൂമില്‍നിന്ന് മാറ്റിയത് രേഖകളില്ലാതെയാണെന്നാണ് സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തല്‍.

ഇതു സംബന്ധിച്ച് ദേവസ്വം വിജിലന്‍സിന് അടക്കം ചില പരാതികള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഓഡിറ്റ് വിഭാഗം നാളെ സ്ട്രോങ് റൂം തുറന്ന് പരിശോധന നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സ്ട്രോങ് റൂമിലേയ്ക്കെത്തുന്ന സ്വര്‍ണ്ണവും വെള്ളിയും അടക്കമുള്ളവ സൂക്ഷിക്കുന്ന കാര്യത്തില്‍ ശരിയായ രേഖകളൊന്നും ഇല്ലെന്നും കൃത്യത ഇല്ലെന്നുമാണ് ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍.

സ്വര്‍ണ്ണം സൂക്ഷിക്കുന്ന കാര്യത്തില്‍ നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കും. ശബരിമല ക്ഷേത്രത്തില്‍ ലഭിക്കുന്ന സ്വര്‍ണ്ണവും വെള്ളിയും അടക്കമുള്ളവ സൂക്ഷിക്കുന്നത് ആറന്മുള ക്ഷേത്രത്തോട് ചേര്‍ന്നുള്ള തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ സ്ട്രോങ് റൂമിലാണ്. അസിസ്റ്റന്‍ഡ് അക്കൗണ്ട്സ് ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കാണ് സ്ട്രോങ് റൂമിന്റെ ചുമതല.

സ്വര്‍ണ്ണം അടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിക്കുന്ന ഉദ്യോഗസ്ഥര്‍ പുതിയ ആള്‍ വരുമ്പോള്‍ കൃത്യമായി ചുമതല കൈമാറുന്ന കാര്യത്തിലാണ് വീഴ്ച സംഭവിച്ചിരിക്കുന്നതെന്ന് തിരുവിതംകൂര്‍ ദേവസ്വം പ്രസിഡന്റ് എ പദ്മകുമാര്‍ പറയുന്നു. സ്വര്‍ണ്ണത്തില്‍ കുറവ് വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിശോധനയില്‍ എന്തെങ്കിലും അപാകത കണ്ടെത്തിയാല്‍ ദേവസ്വം ബോര്‍ഡ് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version