ഇരുമുടിക്കെട്ടില്ലാതെ 18ാം പടി കയറി ; ശങ്കര്‍ദാസിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട തുറന്ന സമയത്തായിരുന്നു മേല്‍ശാന്തിക്കൊപ്പം ദേവസ്വം ബോര്‍ഡ് പ്രതിനിധിയെന്ന നിലയില്‍ കെപി ശങ്കര്‍ദാസ് 18ാം പടി കയറിയത്

കൊച്ചി: ശബരിമലയില്‍ ഇരുമുടി കെട്ടില്ലാതെ 18ാം പടി കയറി ആചാരലംഘനം നടത്തിയ ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ദാസിനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ചേര്‍ത്തല സ്വദേശി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട തുറന്ന സമയത്തായിരുന്നു മേല്‍ശാന്തിക്കൊപ്പം ദേവസ്വം ബോര്‍ഡ് പ്രതിനിധിയെന്ന നിലയില്‍ കെപി ശങ്കര്‍ദാസ് 18ാം പടി കയറിയത്. ദൃശം പുറത്തുവന്നതോടെ സംഭവം വിവാദമായി.

എന്നാല്‍ ആചാരലംഘനം നടത്തിയില്ലെന്നും ചടങ്ങുകളുടെ ഭാഗമായി ക്ഷണപ്രകാരമാണ് പതിനെട്ടാം പടി കയറിയതെന്നും ശങ്കര്‍ ദാസ് പ്രതികരിച്ചിരുന്നു.

ഹിന്ദു റിലീജ്യസ് ആക്ട് 31ാം വകുപ്പിന്റയും ലംഘനമാണിതെന്നും, ബോര്‍ഡ് അംഗമായി ചുമതല ഏല്‍ക്കുമ്പോള്‍ നടത്തിയ സത്യപ്രതിജ്ഞയുടെ ലംഘനമാണ് ശങ്കര്‍ദാസ് നടത്തിയതെന്നുമാണ് ഹര്‍ജിയിലെ ആരോപണം.

ശങ്കര്‍ദാസിനെ സ്ഥാനത്തു നിന്നും ഹൈക്കോടതി പുറത്താക്കണം എന്നും ഹര്‍ജിക്കാരന്‍ വാദിക്കുന്നു. കെ സുരേന്ദ്രന്‍ അടക്കമുള്ളവരും സമാന ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

 

 

Exit mobile version