പതിറ്റാണ്ടുകളായി കേരളത്തില്‍ നിലയുറച്ച ഇടതുകോട്ട കടപുഴകി വീണു; കോണ്‍ഗ്രസിന് ചരിത്ര നേട്ടം

കാസര്‍ക്കോടില്‍ 35 വര്‍ഷത്തെ ചരിത്രം തിരുത്തി കുറിച്ചാണ് യുഡിഎഫ് മിന്നുന്ന വിജയം കരസ്ഥമാക്കിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സിപിഎം സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രനെതിരേ 40,438 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് വിജയം കൈവരിച്ചത്

കേരളത്തില്‍ പതിറ്റാണ്ടുകളായി ഇടതുകോട്ട നിലനിര്‍ത്തി പോരുന്ന നാല് മണ്ഡലങ്ങള്‍ക്കാണ് ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിടേണ്ടി വന്നത്. അതുകൊണ്ടു തന്നെ സംസ്ഥാനത്ത് യുഡിഎഫ് നേടിയത് മിന്നുന്ന വിജയം തന്നെയാണെന്ന് പറയാം.

കാസര്‍ക്കോടില്‍ 35 വര്‍ഷത്തെ ചരിത്രം തിരുത്തി കുറിച്ചാണ് യുഡിഎഫ് മിന്നുന്ന വിജയം കരസ്ഥമാക്കിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സിപിഎം സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രനെതിരേ 40,438 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് വിജയം കൈവരിച്ചത്. സിപിഎം കോട്ടയായ കല്ല്യാശ്ശേരിയില് പോലും ഇടതുപക്ഷത്തിന് 13694 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്. പയ്യന്നൂര്‍ മണ്ഡലത്തില്‍ 26131 വോട്ടിന്റെ ഭൂരിപക്ഷം എല്‍ഡിഎഫിന് ലഭിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന്റെ മണ്ഡലമായിട്ടുപോലും ഇടതുപക്ഷത്തിന് 1900 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടാന്‍ കഴിഞ്ഞത്.

ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാടില്‍ അട്ടിമറി വിജയമാണ് കോണ്‍ഗ്രസ് സ്വന്തമാക്കിയത്. 23 വര്‍ഷത്തിന് ശേഷമാണ് ഇടതിനൊപ്പം നിന്ന പാലക്കാട് 11637 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് കരസ്ഥമാക്കിയത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നടന്ന ഏറ്റവും വലിയ രാഷ്ട്രീയ അട്ടിമറി കൂടിയായി കോണ്ഗ്രസ്സിലെ വികെ ശ്രീകണ്ഠന്റെ വിജയം. അതേസമയം ഇത്തവണ എല്‍ഡിഎഫ് ഏറ്റവും ഉറച്ച സീറ്റായി കണ്ട പാലക്കാട്. എന്നാല്‍ വന്‍ അട്ടിമറി വിജയത്തോടെ എംബി രാജേഷിനെ പിന്നിലാക്കി 3,99,274 വോട്ടുകള്‍ക്കാണ് ശ്രീകണ്ഠന്‍ വിജയിച്ചത്. 3,87,637 വോട്ടാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രാജേഷിന് ലഭിച്ചത്.

അതേസമയം ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന് 218556 വോട്ട് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട് നിയമസഭാ മണ്ഡലങ്ങളെല്ലാം എംബി രാജേഷിനേയാണ് തുണച്ചത്. ഇത്തവണ പാലക്കാട്, മണ്ണാര്‍ക്കാട്, പട്ടാമ്പി എന്നിവിടങ്ങളില്‍ ശ്രീകണ്ഠന് ലീഡുയര്‍ത്തി. 2014 ല്‍ 4,12,897 വോട്ടുകള് രാജേഷിന് ലഭിച്ചപ്പോള് യു.ഡി. എഫ് സ്ഥാനാര്ത്ഥിയായി മത്സരിച്ച എം.പി.വീരേന്ദ്രകുമാറിന് ലഭിച്ചത് 3,07,597 വോട്ടായിരുന്നു. ബിജെപി മൂന്ന് ലക്ഷം വോട്ട് നേടാനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് തങ്ങള്‍ക്ക് നേട്ടമാകുമെന്ന് കണക്കുകൂട്ടി, എന്നാല്‍ എല്ലാ പ്രതീക്ഷകളും പിന്‍ തള്ളികൊണ്ടാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വികെ ശ്രീകണ്ഠന്‍ വിജയിച്ചത്.

മുപ്പത് വര്‍ഷത്തിന് ശേഷമാണ് സിപിഎം കോട്ടയായ ആറ്റിങ്ങലില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടുന്നത്. സിപിഎം സ്ഥാനാര്‍ത്ഥി എ സമ്പത്ത് 3,40,298 വോട്ടുകള്‍ക്കും ബിജെപി സ്ഥാനാര്‍ത്ഥി ശോഭാസുരേന്ദ്രനു 2,56,502 വോട്ടുകള്‍ക്കു പുറകിലാക്കികൊണ്ടാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അടൂര്‍പ്രകാശ് 3,79,469 വോട്ടുകള്‍ നേിയത്. 39,171 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. 2014ല്‍ ആറ്റിങ്ങല്‍ ,വര്‍ക്കല, ചിറയിന്‍കീഴ് ,നെടുമങ്ങാട് എന്നീ മണ്ഡലങ്ങളാണ് സമ്പത്തിന് വന്‍ ഭൂരിപക്ഷം ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ പ്രതീക്ഷകള്‍ എല്ലാം തെറ്റുകയായിരുന്നു. പതിനാറ് ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ പതിനൊന്ന് തവണയും ആറ്റിങ്ങലില്‍ ചെങ്കൊടി പാറിച്ചപ്പോള്‍ കോണ്‍ഗ്രസ് അഞ്ച് തവണ മാത്രമാണ് പതാക ഉയര്‍ത്തിയത്.

26 വര്‍ഷത്തെ ഇടതുപക്ഷത്തിനൊപ്പം നിലനിന്നിരുന്ന ആലത്തൂരില്‍ 1,58,968 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിന്റെ യുവ വനിതാ സാരഥി രമ്യ ഹരിദാസ് മികച്ച വിജയം നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പികെ ബിജു നേടിയ 37,312 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇത്തവണ രമ്യ അഞ്ചിരട്ടിയോളമാക്കി തിരുത്തിക്കുറിച്ചത്.

2008-ല് ആലത്തൂര് ലോക്‌സഭാ മണ്ഡലം രൂപീകൃതമായ ശേഷം കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും സിപിഐഎം സ്ഥാനാര്‍ത്ഥി പികെ ബിജു വിജയിച്ച മണ്ഡലത്തിലാണ് സിറ്റിങ് എംപി ബിജുവിനെ തന്നെ അട്ടിമറിച്ച് മുപ്പത്തിമൂന്നുകാരിയായ രമ്യ ഹരിദാസ് ലോക്‌സഭയിലേക്കെത്തുന്നത്.

മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷം നേടിയാണ് രമ്യയുടെ കുതിപ്പ്. ആലത്തൂര്‍ മണ്ഡലം രൂപകൃതമാകുന്നതിന് മുമ്പ് ഒറ്റപ്പാലമായിരുന്ന മണ്ഡലം 1993 മുതല്‍ ഇടതുപക്ഷത്തോടൊപ്പമാണ്. ഇടത്തോട്ടുള്ള തുടര്ച്ചയായ ഈ വിജയക്കുതിപ്പിന് കൂടിയാണ് ഇത്തവണ വിരാമമായത്. 5,33,815 വോട്ടുകള്‍ സ്വന്തമാക്കിയാണ് ലോക്‌സഭയിലേക്ക് കന്നി അങ്കത്തില്‍തന്നെ രമ്യ വിജയക്കൊടി പാറിച്ചത്.

Exit mobile version