കേരളത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; എല്‍ഡിഎഫും യുഡിഎഫും 8 മുതല്‍ 12 സീറ്റുകള്‍ വരെ നേടും;എന്‍ഡിഎ അക്കൗണ്ട് തുറക്കില്ല; വ്യത്യസ്ത പ്രവചനവുമായി കൈരളി ന്യൂസ് സിഇഎസ് സര്‍വ്വേ

തിരുവനന്തപുരം: കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഇഞ്ചോട് ഇഞ്ച് പോരാട്ടം നടത്തുമെന്ന് കൈരളി ന്യൂസ് സെന്റര്‍ ഫോര്‍ ഇലക്ടറല്‍ സ്റ്റഡീസ് സര്‍വേ. കേരളത്തില്‍ ഇത്തവണ നടന്ന ഏറ്റവും വലിയ തെരഞ്ഞെടുപ്പ് സര്‍വേയാണ് കൈരളി ന്യൂസും സിഇഎസും ചേര്‍ന്ന് സംഘടിപ്പിച്ചത്.കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും 8 മുതല്‍ 12 സീറ്റുകള്‍ വരെ നേടുമെന്നും എന്‍ഡിഎ അക്കൗണ്ട് തുറക്കില്ലെന്നും സര്‍വ്വേ പ്രവചിക്കുന്നു. എന്‍ഡിഎ എല്ലാ മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുമെന്നും സര്‍വ്വേ പറയുന്നു.

എറണാകുളം, മാവേലിക്കര എന്നീ യുഡിഎഫ് ശക്തികേന്ദ്രങ്ങള്‍ ഉള്‍പ്പെടെ അര ഡസനോളം മണ്ഡലങ്ങളില്‍ ഒരു ശതമാനം വോട്ടിന്റെ വ്യത്യാസത്തിലുളള ഇഞ്ചാടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്ന് സര്‍വ്വേ പറയുന്നു. യുഡിഎഫ് 40.8% മുതല്‍ 43.2% വരെ വോട്ടു നേടുമെന്നും എല്‍ഡിഎഫിന്റെ വോട്ടോഹരി 40.3% മുതല്‍ 42.7% വരെയാകാമെന്നും എന്‍ഡിഎയുടെ വോട്ട് സാധ്യത 13.5% മുതല്‍ 15.9% വരെയാണെന്നും സര്‍വ്വേ വ്യക്തമാക്കുന്നു.

കാസര്‍ഗോഡ്, കണ്ണൂര്‍ മണ്ഡലങ്ങള്‍ നിലനിര്‍ത്തുന്നതിനൊപ്പം വടകര, കോഴിക്കോട്, ആലപ്പുഴ, കൊല്ലം മണ്ഡലങ്ങള്‍ യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുക്കാനാണ് സാധ്യതയെന്നാണ് സര്‍വ്വേ വിലയിരുത്തല്‍. അതെസമയം രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട്, ലീഗ് കോട്ടയായ മലപ്പുറം എന്നിവിടങ്ങളില്‍ യുഡിഎഫ് ആധിപത്യം തുടരും.

തിരുവനന്തപുരം, പത്തനംതിട്ടയിലും ശക്തമായ മത്സരമാണ് നടക്കുന്നതെങ്കിലും ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സര്‍വ്വേ വിലയിരുത്തുന്നു. തിരുവനന്തപുരത്ത് ശശി തരൂരിനും പത്തനംതിട്ടയില്‍ വീണാ ജോര്‍ജ്ജിനുമാണ് സര്‍വ്വേ നേരിയ മുന്‍തൂക്കം പ്രവചിക്കുന്നത്.

Exit mobile version