നസീറിനെ കാണാന്‍ പി ജയരാജന്‍ എത്തി; അക്രമത്തില്‍ സിപിഐഎമ്മിനും തനിക്കും പങ്കില്ല, അപവാദങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് ജയരാജന്‍

വടകര ലോക്സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിഒടി നസീറിനെ അക്രമിച്ച സംഭവത്തില്‍ സിപിഐഎമ്മിന് യാതൊരു പങ്കുമില്ലെന്ന് എല്‍ഡഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍.

കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിഒടി നസീറിനെ അക്രമിച്ച സംഭവത്തില്‍ സിപിഐഎമ്മിന് യാതൊരു പങ്കുമില്ലെന്ന് എല്‍ഡഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍. സംഭവത്തില്‍ തനിക്കെതിരെയും പാര്‍ട്ടിക്കെതിരെയും ഒട്ടേറെ അപവാദ പ്രചരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും പിജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. സിഒടി നസീറിനെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ എത്തിയതായിരുന്നു ജയരാജന്‍.

സിഒടി നസീര്‍ വധശ്രമ ഗൂഢാലോചനയില്‍ പി ജയരാജന് നേരെ കോണ്‍ഗ്രസിന്റെയും ആര്‍എംപിയുടെയും ആരോപണം ഉയരുന്നതിനിടെയാണ് നസീറിനെ കാണാന്‍ ജയരാജനെത്തിയത്. നസീര്‍ കഴിയുന്ന മുറിയില്‍ അരമണിക്കൂറോളം പി ജയരാജന്‍ ചെലവഴിച്ചു. സന്ദര്‍ശന വിവരമറിഞ്ഞെത്തിയ മാധ്യമങ്ങളെ ഒഴിവാക്കിയാണ് ജയരാജന്‍ നസീറിനടുത്തേക്ക് പോയത്. നസീറിന് നേരെ നടന്ന ആക്രമണത്തില്‍ തനിക്കും പാര്‍ട്ടിക്കും പങ്കില്ലെന്ന് ജയരാജന്‍ വ്യക്തമാക്കി.

അതേസമയം, തന്നെ മൂന്ന് പേര്‍ ചേര്‍ന്നാണ് വെട്ടിയതെന്നാണ് നസീറിന്റെ മൊഴി. ആക്രമണം നടത്തിയത് ബൈക്കിലെത്തിയ സംഘമാണെന്നും നസീറിന്റെ മൊഴിയിലുണ്ട്. തലശ്ശേരി നഗരസഭയിലെ മുന്‍ സിപിഎം കൗണ്‍സിലറാണ് നസീര്‍. തലശേരി നഗരസഭയിലെ സിപിഎം മുന്‍ അംഗം കൂടിയാണ് വെട്ടേറ്റ നസീര്‍.

Exit mobile version