പോലീസ് പിടിച്ചെടുത്ത ബൈക്ക് തിരികെ നല്‍കിയില്ല; തിരുവനന്തപുരത്ത് യുവാവ് ആത്മഹത്യാ ഭീഷണിമുഴക്കി, നാടകീയ രംഗങ്ങള്‍

നെയ്യാറ്റിന്‍കര മാരായിമുട്ടത്താണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

തിരുവനന്തപുരം: പോലീസ് പിടിച്ചെടുത്ത ബൈക്ക് തിരികെ നല്‍കാത്തതില്‍ മനംനൊന്ത് കെട്ടിടത്തിനുമുകളില്‍ കയറി യുവാവ് ആത്മഹത്യാ ഭീഷണിമുഴക്കി. നെയ്യാറ്റിന്‍കര മാരായിമുട്ടത്താണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ചായ്‌ക്കോട്ടുകോണം പൂവങ്കാല കുഴിക്കാലവീട്ടില്‍ രഞ്ജിത്(18) ആണ് കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ ആത്മഹത്യാഭീഷണി മുഴക്കിയത്. വ്യത്യസ്ത സമരത്തില്‍ അമ്പരന്ന പോലീസ് ഒടുവില്‍ ബൈക്ക് തിരികെ നല്‍കി.

അയല്‍വാസിയുടെ വീട്ടില്‍ കല്ലെറിഞ്ഞെന്ന പരാതിയില്‍ ഒരാഴ്ചമുമ്പ് യുവാവിനൊപ്പം ബൈക്കും മാരായമുട്ടം പോലീസ് പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് രക്ഷാകര്‍ത്താക്കളെ വിളിച്ചുവരുത്തിയശേഷം രഞ്ജിത്തിനെ വിട്ടയച്ചു. എന്നാല്‍ ബൈക്ക് പോലീസ് തിരികെ നല്‍കിയിരുന്നില്ല. ഈ കേസില്‍ പിന്നീട് മറ്റൊരാളെ പോലീസ് പിടികൂടി.

രഞ്ജിത്ത് അല്ല ഇയാളാണ് ജനല്‍ച്ചില്ല് തകര്‍ത്തതെന്നും കണ്ടെത്തി. പക്ഷേ എന്നിട്ടും രഞ്ജിത്തിന്റെ ബൈക്ക് വിട്ടുനല്‍കാന്‍ പോലീസ് കൂട്ടാക്കിയില്ല. ഒന്‍പതു ദിവസമായിട്ടും ബൈക്ക് വിട്ടുകിട്ടാത്തതിനെ തുടര്‍ന്ന് ഞായറാഴ്ച ഉച്ചയോടെ മാരായമുട്ടം കാര്‍ഷിക വിപണനകേന്ദ്രത്തിന്റെ മൂന്നാംനിലയില്‍ കയറിയ രഞ്ജിത് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാര്‍ പോലീസിനെയും അഗ്‌നിശമനസേനയെയും വിവരമറിയിച്ചു. ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തിയെങ്കിലും ബൈക്ക് തിരികെ ലഭിച്ചാല്‍ മാത്രേമ താഴെയിറങ്ങൂയെന്ന് പറഞ്ഞ് രഞ്ജിത് മുകളില്‍ തന്നെ നിലയുറപ്പിച്ചു. ഇതിനിടെ ബ്ലെയ്ഡ് കൊണ്ട് കൈഞരമ്പ് മുറിക്കാനും യുവാവ് ശ്രമിച്ചു. ഒടുവില്‍ മറ്റുവഴികളില്ലാതായതിനെ തുടര്‍ന്ന് സ്റ്റേഷനിലായിരുന്ന ബൈക്ക് സ്ഥലത്തെത്തിച്ചു. പക്ഷേ എന്നിട്ടും യുവാവ് താഴെയിറങ്ങാന്‍ തയ്യാറായില്ല.

ഒരു മണിക്കൂറോളം നീണ്ട നാടകീയരംഗങ്ങള്‍ക്കൊടുവില്‍ കെട്ടിടത്തിനു മുകളിലെത്തിയ അഗ്‌നിശമന സേനാംഗം യുവാവിനെ താഴെയിറക്കി.

Exit mobile version