പരോളിലിറങ്ങി രൂപേഷെത്തി; ജാമ്യത്തില്‍ ഷൈനയും! ആമിക്ക് പോലീസ് കാവലില്‍ വിവാഹം

കനത്ത പോലീസ് കാവലിലാണ് വിവാഹം നടന്നത്. തൃപ്രയാര്‍ സബ് രജിസ്ട്രാറെത്തി വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

തൃശ്ശൂര്‍: മാവോവാദി നേതാക്കളായ രൂപേഷിന്റെയും ഷൈനയുടെയും മകള്‍ ആമി വിവാഹിതയായി. പരോളിലിറങ്ങിയ അച്ഛന്റേയും ജാമ്യത്തിലുളള അമ്മയുടെയും സാന്നിധ്യത്തില്‍ വലപ്പാട്ടെ വീട്ടിലായിരുന്നു ലളിതമായ വിവാഹ ചടങ്ങ്. കനത്ത പോലീസ് കാവലിലാണ് വിവാഹം നടന്നത്. തൃപ്രയാര്‍ സബ് രജിസ്ട്രാറെത്തി വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. മറ്റ് ചടങ്ങുകളൊന്നുമുണ്ടായില്ല. ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ പത്തൊമ്പത് പേര്‍ മാത്രമാണ് ചടങ്ങിനെത്തിയത്.

മാവോയിസ്റ്റ് കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന രൂപേഷിന്റെയും ജാമ്യത്തില്‍ പുറത്തിറങ്ങിയ ഷൈനയുടെയും രണ്ടു മക്കളില്‍ മൂത്തവളാണ് ആമി. ബംഗാള്‍ സ്വദേശി ഒര്‍ക്കോദീപാണ് വരന്‍. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിനിടെ സുഹൃത്തുക്കളായവരാണ് ഇരുവരും.

അതേസമയം, സിപിഐ നേതാവ് ബിനോയ് വിശ്വം നേരിട്ടെത്തി നവദമ്പതികള്‍ക്ക് ആശംസ നേര്‍ന്നു. രൂപേഷ് വിവാഹ ചടങ്ങിനായി വിയ്യൂര്‍ ജയിലില്‍ നിന്ന് ഒരു ദിവസത്തെ പരോളിലിനിറങ്ങി. രൂപേഷ് എത്തിയതിനാല്‍ ബോംബ് സ്‌ക്വാഡും, ഡോഗ് സ്‌ക്വാഡും അടക്കമുള്ള കനത്ത പോലീസ് സുരക്ഷയാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ പത്തുമണിയോടെ വീട്ടിലെത്തിയ രൂപേഷ് പരോള്‍ സമയം പൂര്‍ത്തിയാക്കി അഞ്ചുമണിക്ക് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മടങ്ങി. തിങ്കളാഴ്ച വധൂവരന്മാര്‍ ബംഗാളിലേക്ക് പോകും.

Exit mobile version