വിദ്യാര്‍ത്ഥികള്‍ക്കായി പരീക്ഷ എഴുതിയ സംഭവം; അദ്ധ്യാപകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

നീലേശ്വരം സ്‌കൂള്‍ പ്രിന്‍സിപ്പള്‍ കെ റസിയ, പരീക്ഷ എഴുതിയ അദ്ധ്യാപകന്‍ നിഷാദ് വി മുഹമ്മദ്, അദ്ധ്യാപകന്‍ പികെ ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് കേസ്

കാസര്‍േകാട്: വിദ്യാര്‍ത്ഥികള്‍ക്കായി പരീക്ഷ എഴുതിയ സംഭവത്തില്‍ അദ്ധ്യാപകര്‍ക്കെതിരെ നടപടി. മൂന്നു അദ്ധ്യാപകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. നീലേശ്വരം സ്‌കൂള്‍ പ്രിന്‍സിപ്പള്‍ കെ റസിയ, പരീക്ഷ എഴുതിയ അദ്ധ്യാപകന്‍ നിഷാദ് വി മുഹമ്മദ്, അദ്ധ്യാപകന്‍ പികെ ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

ആള്‍മാറാട്ടം, വ്യാജ രേഖ ചമയ്ക്കല്‍ എന്നിവ ഉള്‍പ്പെടുന്ന 4 വകുപ്പകളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. കുറ്റക്കാരനെന്ന് കണ്ടെത്തിയ അധ്യാപകന്‍ രണ്ട് വിദ്യാര്‍ഥികളുടെ പരീക്ഷ പൂര്‍ണമായും എഴുതിക്കൊടുക്കുകയും 32 വിദ്യാര്‍ഥികളുടെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പേപ്പര്‍ തിരുത്തിയെഴുതിയെന്നുമാണ് കണ്ടെത്തിയത്.

എന്നാല്‍ സ്‌കൂളിന്റെ നൂറുശതമാനം വിജയത്തിന് വേണ്ടിയാണ് അധ്യാപകന്‍ വിദ്യാര്‍ത്ഥികള്‍ക്കായി പരീക്ഷ എഴുതിയതെന്ന് അധ്യാപകന്‍ പറഞ്ഞിരുന്നു. പഠനത്തില്‍ പിന്നോട്ടു നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കാനാണ് അവര്‍ക്കായി പരീക്ഷ എഴുതിയത് എന്നാണ് സസ്പെന്‍ഷനിലായ അധ്യാപകന്‍ വ്യക്തമാക്കിയത്.

Exit mobile version