നാടന്‍ ലുങ്കിക്ക് വിദേശത്ത് വില പതിനായിരത്തിന് മുകളില്‍; ഇതോ ലുങ്കി..? താരരാജാവിന്റെ ചിത്രമിട്ട് മറുപടി കൊടുത്ത് മലയാളികള്‍

ഒറ്റ നോട്ടത്തില്‍ ലുങ്കിയാണെന്ന് തോന്നുമെങ്കിലും നമ്മുടെ ലുങ്കി പോലെയല്ല ഇത്

വാഷിങ്ടണ്‍: നാട്ടില്‍ യുവതലമുറകള്‍ക്ക് ഇഷ്ടം കാവി മുണ്ടും ലുങ്കിയും മറ്റുമാണ്. ഒരു പക്ഷേ ജീന്‍സ് തുടങ്ങിയ വസ്ത്രങ്ങളേക്കാള്‍ ഇഷ്ടം ഇത്തരം മുണ്ടുകളോട് തന്നെയായിരിക്കും. എന്നാല്‍ ഇപ്പോള്‍ ലുങ്കികള്‍ക്ക് വിദേശരാജ്യങ്ങളിലും പ്രിയമേറുകയാണ്. എന്നാല്‍ നാട്ടില്‍ ഈ ലുങ്കികള്‍ക്ക് 200,300 ല്‍ കൂടില്ല. പക്ഷേ വിദേശരാജ്യത്ത് ഇത്തരം മുണ്ടുകള്‍ക്ക് വില പതിനായിരത്തിന് മുകളിലാണ്. ഒന്നിന് 12,200 രൂപയാണ് വില.

ഒറ്റ നോട്ടത്തില്‍ ലുങ്കിയാണെന്ന് തോന്നുമെങ്കിലും നമ്മുടെ ലുങ്കി പോലെയല്ല ഇത്, ഇവ മോഡേണ്‍ ലുങ്കിയാണ്. ലിനന്‍, സില്‍ക്ക് തുണികൊണ്ടാണ് മോഡേണ്‍ ലുങ്കി നിര്‍മ്മിച്ചിരിക്കുന്നത്. ലുങ്കി കെട്ടുന്നതിന് പകരം രണ്ട് ഹുക്കുകള്‍ പിടിപ്പിച്ചിട്ടുണ്ട്. ഹുക്കുകളില്‍ ഒന്ന് ലുങ്കിയുടെ ഒരറ്റത്തും മറ്റെ ഹുക്ക് ലുങ്കിയുടെ മറ്റെ അറ്റത്തുമാണ് പിടിപ്പിച്ചിരിക്കുന്നത്. ലുങ്കി ചുറ്റി ഈ ഹുക്കുകള്‍ തമ്മില്‍ ബന്ധിപ്പിക്കണം. പ്രത്യേകതകള്‍ ഇങ്ങനെ നീളും.

എന്നാല്‍ ഈ മോഡേണ്‍ ലുങ്കി മലയാളികള്‍ക്ക് അങ്ങ് പിടിച്ചിട്ടില്ല. ചിത്രങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ട്രോളുകളുടെ പൊടിപൂരമാണ്. ദൃശ്യം എന്ന ചിത്രത്തില്‍ തൂമ്പ പിടിച്ച് ലുങ്കി മടക്കിക്കുത്തി നില്‍ക്കുന്ന മോഹന്‍ലാലിന്റെ ചിത്രം പോസ്റ്റ് ചെയ്താണ് മലയാളികള്‍ മറുപടി നല്‍കിയിരിക്കുന്നത്. ഇങ്ങനെ മടക്കിക്കുത്താന്‍ കഴിയുന്നതാണ് ലുങ്കികള്‍. അല്ലാത്തപക്ഷം അവ ലുങ്കികളെയല്ലാ എന്നായിരുന്നു ചിലരുടെ അഭിപ്രായങ്ങള്‍. ലുങ്കി സ്‌കര്‍ട്ട് എന്നാണു വിളിക്കേണ്ടതെന്നു പറയുന്നവരും ഉണ്ട്.

Exit mobile version