ഇവള്‍ നിപ്പായെ അതിജീവിച്ചെത്തിയ അജന്യ! ആ ഭീകര നിമിഷത്തെ കുറിച്ച് അവള്‍ ഓര്‍ക്കുന്നു

ആ ദുരന്ത നിമിഷത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഭയമുണ്ടോ എന്നു ചോദിച്ചാല്‍ അജന്യ പറയും അതിനെനിക്ക് ഓര്‍മ ഇല്ലായിരുന്നല്ലോ എന്ന്.

കോഴിക്കോട്: നിപ്പാ വൈറസ് ബാധയില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ടു ജീവിതത്തിലേക്ക് തിരിച്ചെത്തിയ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയാണ് അജന്യ. അജന്യയ്ക്ക് ഇത് രണ്ടാം ജന്മമാണ്. ആ ദുരന്ത നിമിഷത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഭയമുണ്ടോ എന്നു ചോദിച്ചാല്‍ അജന്യ പറയും അതിനെനിക്ക് ഓര്‍മ ഇല്ലായിരുന്നല്ലോ എന്ന്. കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലെ അവസാന വര്‍ഷ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയാണ് ഇപ്പോള്‍ അജന്യ.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പഠനത്തിന്റെ ഭാഗമായുള്ള ഇന്റേണ്‍ഷിപ്പിനു എത്തിയതായിരുന്നു അജന്യ. ഇന്റേണ്‍ഷിപ്പ് കഴിഞ്ഞ് ഹോസ്റ്റലിലെത്തിയ ഒരു വൈകുന്നേരമാണ് അജന്യയ്ക്ക് പനി തുടങ്ങിയത്. എന്നാല്‍ സാധാരണ പനി ആയിരിക്കുമെന്ന് കരുതി. എങ്കിലും ബീച്ച് ഹോസ്പിറ്റലിലെ ഡോക്ടറെകാണിച്ചു. ശേഷം വീട്ടില്‍ പോയി വിശ്രമിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. കൊയിലാണ്ടിയിലാണ് വീട്. വീട്ടിലെത്തിക്കഴിഞ്ഞപ്പോള്‍ ഛര്‍ദ്ദിയും ക്ഷീണവും കാരണം എഴുന്നേല്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയായി. അങ്ങനെ മേയ് 18ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പോയി. അവിടെ എത്തിയപ്പോള്‍ തലയ്ക്കു പിന്നില്‍ അസഹനീയ വേദനയും ആരംഭിച്ചു. അവിടെ നിന്നു കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു റഫര്‍ ചെയ്യുകയായിരുന്നു.

ഇത്രയും സംഭവം മാത്രമാണ് അന്ന് അജന്യക്ക് ഓര്‍മ്മയില്‍ ഉള്ളത്. മെഡിക്കല്‍ കോളജിലേക്കു പോകുന്ന വഴിതന്നെ ഇടയ്ക്കിടെ അബോധാവസ്ഥയിലാകുന്നുണ്ടായിരുന്നു. പിന്നെ ബോധം വീഴുന്നത് പത്തു ദിവസം കഴിഞ്ഞാണ്. കണ്ണു തുറക്കുമ്പോള്‍ മെഡിക്കല്‍ കോളജ് ചെസ്റ്റ് ആശുപത്രി ഐസിയുവിലാണ്. എന്റെ അടുത്തേക്കു വരുന്ന ഡോക്ടറും നഴ്‌സുമാരുമെല്ലാം മൂടിക്കെട്ടിയ വെള്ള വേഷത്തില്‍ മാസ്‌കൊക്കെ ധരിച്ചിട്ടുണ്ട്. അപ്പോഴും ഞാന്‍ കരുതിയത് ആ ഐസിയുവില്‍ അങ്ങനെ ആയിരിക്കുമെന്നാണ്. അവിടെനിന്ന് ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറിയപ്പോഴാണ് ഒരു ഡോക്ടര്‍ പറയുന്നത് നിപ്പാ പനി ആയിരുന്നെന്നും ഇപ്പോള്‍ കുഴപ്പമൊന്നുമില്ലെന്നും. പുറത്തു നടക്കുന്ന സംഭവങ്ങളെപ്പറ്റി ഒന്നുമറിയില്ലായിരുന്നു അജന്യയ്ക്ക്. പിന്നീടാണ് നിപ്പാ എന്താണെന്നും എത്ര ഭീകരമായ അവസ്ഥയിലൂടെയാണ് കടന്നു പോയതൊന്നുമൊക്കെ അജന്യ അറിഞ്ഞത്.

‘ നഴ്‌സിങ് ശരിക്കും ഇഷ്ടമായതുകൊണ്ടു തന്നെയാണ് ആ മേഖല തിരഞ്ഞെടുത്തതെന്ന് അവള്‍ പറയുന്നു. വീടിന് ഏറെ അകലെയല്ലാത്ത ആശുപത്രിയില്‍ പ്രവേശനവും കിട്ടി. മരണം മുന്നില്‍ക്കണ്ടാണ് തിരിച്ചു പോന്നതെന്ന് എല്ലാവരും പറയുന്നുണ്ട്. അവിടെയും എന്നെ പരിചരിക്കാന്‍ ചുറ്റും കുറേ നഴ്‌സുമാരുണ്ടായിരുന്നു. ഇത്രയും ഭീകരമായിരുന്നിട്ടും ആ പേടിയൊന്നുമില്ലാതെ അവര്‍ എന്നെ ശുശ്രൂഷിച്ചു. ആ നഴ്‌സുമാരുടെ കരസ്പര്‍ശമായിരുന്നു എന്റെ ജീവവായു.

എനിക്കും ഇതുപോലെ എല്ലാവരെയും പരിചരിക്കുന്ന ഒരു നഴ്‌സാകണം. ‘പരിചരണത്തിലൂടെയല്ലേ രോഗം കിട്ടിയേ, രോഗികളുടെ അടുത്തു പോകുമ്പോള്‍ ഇപ്പോള്‍ പേടി തോന്നാറില്ലേ’ എന്നൊക്കെ പലരും ചോദിക്കാറുണ്ട്. ഞാനെന്തിനു പേടിക്കണം, എന്നെയും പരിചരിച്ചത് നഴ്‌സുമാരല്ലേ. നഴ്‌സിങ് എന്റെ പ്രാണനാണ്. എനിക്ക് ഇനിയും എന്തൊക്കെയോ ചെയ്തു തീര്‍ക്കാനുണ്ട്. അതിനാകുമല്ലോ എന്റെ ജീവന്‍ ഈശ്വരന്‍ തിരികെ നല്‍കിയത്. പഠനം ഈ വര്‍ഷം കഴിയും. ശേഷം കാലം മുഴുവന്‍ രോഗികളെ ശുശ്രൂഷിച്ച്, വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കി, സാന്ത്വനങ്ങള്‍ പകര്‍ന്നു നല്‍കണം അജന്യ പറയുന്നു.

Exit mobile version