പോക്‌സോ നിയമം; കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നു

തിരുവനന്തപുരം: കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ അധികൃതര്‍ പോക്‌സോ നിയമ പ്രകാരമുള്ള നടപടികള്‍ കര്‍ശനമായി തുടരുമ്പോഴും സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നു.

കഴിഞ്ഞ രണ്ട് മാസത്തിനകം മാതാപിതാക്കളുടെ കൈകളാല്‍ മൂന്നു കുരുന്നുകള്‍ സ്വന്തം വീടുകളില്‍ അരുംകൊലയ്ക്ക് ഇരയായതോടെ കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം കൂടുതല്‍ ഉറപ്പാക്കാനുള്ള മാര്‍ഗങ്ങളെപ്പറ്റിയുള്ള ആലോചനയിലാണ് വനിതാ ശിശുക്ഷേമവകുപ്പും പോലീസും.

പതിനേഴുവയസില്‍ താഴെയുള്ള കുട്ടികളാണ് ചൂഷണങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും ഇരയാകുന്നവരില്‍ അധികവും . കുടുംബാംഗങ്ങളില്‍പ്പെട്ടവരോ അയല്‍വാസികളോ വീടുമായി അടുത്ത് സഹകരിക്കുന്നവരോ ആണ് കുറ്റവാളികളില്‍ ഭൂരിഭാഗവും. മദ്യത്തിനും ലഹരി പദാര്‍ത്ഥങ്ങള്‍ക്കും അടിമപ്പെട്ടവരാണ് കുറ്റംചെയ്യുന്നത്.

കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച കേസുകളില്‍ കാലവിളംബം കൂടാതെ വിചാരണ പൂര്‍ത്തിയാക്കുന്നതിന് കൂടുതല്‍ കോടതികള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള നടപടികളാണ് പരിഗണനയിലുള്ളത്. കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കുന്നതിനൊപ്പം വീടുകളിലും പൊതു സ്ഥലങ്ങളിലും കുട്ടികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാനുള്ള നടപടികളാണ് ആലോചിക്കുന്നത്.

Exit mobile version