തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് അനുമതി; എഴുന്നള്ളിക്കുന്നത് കര്‍ശന ഉപാധികളോടെ

ആളുകളെ നിയന്ത്രിക്കുന്നതിനു വേണ്ടിയാണിത്. ആനയെ നിയന്ത്രിക്കാന്‍ നാല് പാപ്പാന്മാര്‍ കൂടെ വേണമെന്നും നിര്‍ദേശമുണ്ട്.

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂര വിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാന്‍ കര്‍ശന ഉപാധികളോടെ അനുമതി. നാളെ രാവിലെ 9.30 മുതല്‍ 10.30 വരെ എഴുന്നള്ളിക്കാം. 10 മീറ്റര്‍ ചുറ്റളവില്‍ ബാരികോഡ് വയ്ക്കണമെന്നും നിര്‍ദേശമുണ്ട്. ആളുകളെ നിയന്ത്രിക്കുന്നതിനു വേണ്ടിയാണിത്. ആനയെ നിയന്ത്രിക്കാന്‍ നാല് പാപ്പാന്മാര്‍ കൂടെ വേണമെന്നും നിര്‍ദേശമുണ്ട്. പൂര വിളംബരത്തിന് ഒരു മണിക്കൂര്‍ നേരത്തേക്ക് മാത്രം ആനയെ എഴുന്നള്ളിക്കാനാണ് കളക്ടര്‍ അധ്യക്ഷയായ സമിതിയുടെ അനുമതി.

ആന ആരോഗ്യവാനാണെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം. ഇന്ന് രാവിലെ വനം വകുപ്പിലേയും മൃഗസംരക്ഷണ വകുപ്പിലേയും മൂന്നു ഡോക്ടര്‍മാര്‍ ആനയെ പരിശോധിച്ചിരുന്നു. കാഴ്ച പൂര്‍ണമായി തടസപ്പെട്ടെന്ന് പറയാനാകില്ലെന്നും പാപ്പാന്‍മാരോട് അനുസരണ കാണിക്കുന്നുണ്ടെന്നും പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞു. ആനയുടെ ആരോഗ്യക്ഷമത മൂന്നംഗ സംഘമാണ് പരിശോധിച്ചത്. ആരോഗ്യനില തൃപ്തികരമെന്നും ശരീരത്തില്‍ മുറിവുകളില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ അനുമതി.

അതേസമയം, തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തര്‍ക്കത്തില്‍ കളക്ടര്‍ അധ്യക്ഷയായ സമിതി തീരുമാനം കൈക്കൊള്ളട്ടെയെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തൃശ്ശൂര്‍ പൂരത്തില്‍ തെക്കേ ഗോപുര നട തള്ളി തുറന്ന് പൂരം വിളംബരം നടത്താന്‍ രാമചന്ദ്രന് അനുമതി നല്‍കണം എന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു തീരുമാനം.

Exit mobile version