എഴുന്നള്ളിപ്പിനിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇടഞ്ഞാല്‍ ഉത്തരവാദപ്പെട്ടവര്‍ മറുപടി പറയേണ്ടിവരും; വിഎസ് സുനില്‍കുമാര്‍

തൃശ്ശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കണമെന്ന് സര്‍ക്കാരിന് യാതൊരു നിര്‍ബന്ധബുദ്ധിയുമില്ലെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയത് ജില്ലാ കലക്ടറാണെന്നും ഇക്കാര്യം കോടതിയില്‍ വ്യക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. തൃശൂര്‍ പൂരത്തില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.

തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കണമെന്ന് കോടതി പറഞ്ഞാല്‍ സര്‍ക്കാര്‍ എതിര്‍ക്കില്ല. പക്ഷേ, എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞാല്‍ ഉത്തരവാദപ്പെട്ടവര്‍ മറുപടി പറയേണ്ടിവരുമെന്നും മന്ത്രി സുനില്‍കുമാര്‍ മുന്നറിയിപ്പ് നല്‍കി.

തൃശൂര്‍ കളക്ടര്‍ അധ്യക്ഷയായ നാട്ടാന നിരീക്ഷക സമിതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയിരുന്നു. ഇതിന് എതിരായി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് മന്ത്രി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. തെച്ചിക്കോട് കാവ് ദേവസ്വമാണ് വിലക്ക് ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയത്.

Exit mobile version