പൂരത്തിനൊരുങ്ങി തൃശ്ശൂര്‍ നഗരി; തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റുന്നത് തിരുവമ്പാടിയുടെ സ്വന്തം ചന്ദ്രശേഖരന്‍, നോവായി ശിവസുന്ദര്‍

കൊമ്പന്‍ തിരുവമ്പാടി ചന്ദ്രശേഖരന്‍ പൂരപറമ്പുകളിലെ മെഗാ സ്റ്റാര്‍ തന്നെയാണ്.

തൃശ്ശൂര്‍: തൃശ്ശൂര്‍ നഗരം പൂരത്തിനായി അണിഞ്ഞൊരുങ്ങുകയാണ്. ഇതിനിടയില്‍ നോവായി രണ്ട് കൊമ്പന്‍മാരുണ്ട്. ആദ്യത്തെ നോവ് മറ്റാരുമല്ല, തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ഏറ്റാറുള്ള ശിവസുന്ദറിന്റെ വിയോഗമാണ്. കഴിഞ്ഞ വര്‍ഷവും ശിവസുന്ദര്‍ ഉണ്ടായിരുന്നില്ല. പൂരപ്രമേികളെയും ആനപ്രമേികളെയും ഒരുപോലെ വേദനിപ്പിച്ചായിരുന്നു ശിവസുന്ദറിന്റെ വിയോഗം. ഇത്തവണ തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റുന്നത് തിരുവമ്പാടിയുടെ സ്വന്തം ചന്ദ്രശേഖരനാണ്. ശിവസുന്ദറിന്റെ വിയോഗത്തിനു ശേഷം തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റുന്നത് ഇതു രണ്ടാംതവണയാണ്.

കൊമ്പന്‍ തിരുവമ്പാടി ചന്ദ്രശേഖരന്‍ പൂരപറമ്പുകളിലെ മെഗാ സ്റ്റാര്‍ തന്നെയാണ്. കൊമ്പന്‍ ശിവസുന്ദര്‍ ഉണ്ടായിരുന്നപ്പോഴെല്ലാം വലംകൈ എന്ന വണ്ണം ചന്ദ്രശേഖരനും ഉണ്ടായിരുന്നു. തലയെടുപ്പില്‍ കേമന്‍ തന്നെ. കാഴ്ചയില്‍ സുന്ദരനും സുമുഖനും. തിരുവമ്പാടിയില്‍ 28 വര്‍ഷം തുടര്‍ച്ചയായി തിടമ്പേറ്റിയ പഴയ ചന്ദ്രശേഖരന്റെ പാരമ്പര്യമാണ് പിന്‍തുടരുന്നത്. തിരുവമ്പാടി ദേശക്കാരനായ ഗോപി വാര്യര്‍ ആണ് പന്ത്രണ്ടു വര്‍ഷം മുമ്പ് ആനയെ സമര്‍പ്പിച്ചത്. രാത്രി എഴുന്നള്ളിപ്പുകളില്‍ അന്നും ചന്ദ്രശേഖരനുണ്ടായിരുന്നു.

രണ്ടാമത്തെ വേദനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അഭാവം. ചെറിയ ശബ്ദം കേട്ടാല്‍ പോലും വിരണ്ടേക്കാമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ രാമചന്ദ്രന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇഷ്ട ആനയെ തിരികെ കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് ആനപ്രേമികള്‍. എന്നാല്‍ അപകട സാധ്യത മുന്‍പില്‍ കണ്ട് രാമചന്ദ്രനെ ഒഴിവാക്കിയേ തീരുവെന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ് ജില്ലാ കളക്ടറും. ഇതോടെ നിരാശരായിരിക്കുകയാണ് പൂരപ്രേമികള്‍.

Exit mobile version