കെവിനെ കൊലപ്പെടുത്തുവാന്‍ നേരത്തെ തീരുമാനിച്ചിരുന്നു ; കൂടുതല്‍ തെളിവുകള്‍ പുറത്ത്

കോട്ടയം; കേരളത്തില്‍ അരങ്ങേറിയ ദുരഭിമാനക്കൊലയായ കെവിന്‍ കൊലകേസിലെ പ്രതികള്‍ നേരത്തെ തന്നെ യുവാവിനെ കൊലപ്പെടുത്തുവാന്‍ തീരുനമാനിച്ചതിനുള്ള കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഒന്നാം പ്രതി ഷാനു ചാക്കോ പിതാവ് ചാക്കോയ്ക്ക് അയച്ച വാട്ട് സാപ്പ് സന്ദേശങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. കണ്ണൂര്‍ സ്വദേശി സന്തോഷാണ് സന്ദേശങ്ങള്‍ തിരിച്ചറിഞ്ഞത്. ഒന്നാം പ്രതി ഷാനു ചാക്കോയെ പിടികൂടിയത് സന്തോഷിന്റെ അയല്‍വാസിയുടെ വീട്ടില്‍ നിന്നാണ്.

കേസിലെ മഹസ്സര്‍ സാക്ഷി കൂടിയായ സന്തോഷ് ഷാനുവിനെ തിരിച്ചറിഞ്ഞു. കെവിന്‍ കൊല്ലപ്പെട്ട ശേഷം ഒളിവില്‍ പോയ 4 പ്രതികള്‍ താമസിച്ച കുമളിയിലെ ഹോം സ്റ്റേ യുടെ നടത്തിപ്പുകാരനേയും ഇന്ന് വിസ്തരിച്ചു.

വിഷ്ണു, നിഷാദ്, ഷിനു, ഷെഫിന്‍ എന്നിവരെ നടത്തിപ്പുകാരന്‍ ജിനദേവന്‍ തിരിച്ചറിഞ്ഞു. സാക്ഷി വിസ്താരത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. അടുത്ത ഘട്ടം 13ന് തുടങ്ങും

കഴിഞ്ഞ മെയ് 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രണയ വിവാഹത്തിന്റെ പേരില്‍ ഭാര്യാ സഹോദരന്റെ നേതൃത്വത്തില്‍ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലക്കുറ്റം ഉള്‍പ്പെടെ പത്ത് വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

Exit mobile version