ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഒപ്പം ഇത്തവണ എന്‍ഡിഎയും നില്‍ക്കും; വിലയിരുത്തി ബിജെപി

2014 ല്‍ 10 ശതമാനമായിരുന്ന വോട്ടു വിഹിതം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 15 ശതമാനത്തില എത്തിയിരുന്നു.

തിരുവനന്തപുരം: ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫിനും എല്‍ഡിഎഫിനും ഒപ്പം നില്‍ക്കാവുന്ന വിധത്തില്‍ എന്‍ഡിഎ മാറുമെന്ന വിലയിരുത്തലില്‍ ബിജെപി. വരും തെരഞ്ഞെടുപ്പുകളിലും സംസ്ഥാനത്ത് ത്രികോണ മത്സരം തന്നെ അരങ്ങേറും എന്നുമാണ് ബിജെപിയുടെ കണക്കു കൂട്ടല്‍. വോട്ടു വിഹിതം 20 ശതമാനത്തോളം കുടുമെന്നും എന്തു മാറ്റം വന്നാലും 18 ശതമാനത്തില്‍ താഴെ പോകുകയില്ലെന്നുമുള്ള പ്രതീക്ഷയും ബിജെപിയ്ക്കുണ്ട്. കോര്‍കമ്മറ്റികള്‍, പാര്‍ലമെന്റ് മണ്ഡലം ചുമതലക്കാര്‍, സ്ഥാനാര്‍ത്ഥികള്‍ എന്നിവര്‍ ഉള്‍പ്പെട്ട സംയുക്ത യോഗത്തിലാണ് വിലയിരുത്തല്‍.

2014 ല്‍ 10 ശതമാനമായിരുന്ന വോട്ടു വിഹിതം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 15 ശതമാനത്തില്‍ എത്തിയിരുന്നു. തിരുവനന്തപുരത്ത് കുമ്മനവും പത്തനംതിട്ടയില്‍ കെ സുരേന്ദ്രനും വന്‍ വിജയം നേടുമെന്ന് മുമ്പ് വെളിപ്പെടുത്തിയിരുന്നു. തൃശ്ശൂരില്‍ സുരേഷ്ഗോപി അട്ടിമറി വിജയം നേടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കുമ്മനത്തിനും കെ സുരേന്ദ്രനും 20,000 വോട്ടിന്റെ ഭുരിപക്ഷം കിട്ടുമെന്നാണ് വെയ്ക്കുന്ന പ്രതീക്ഷ. മിനിമം മൂന്ന് ലക്ഷം വോട്ടുകളെങ്കിലും സുരേഷ്ഗോപി പിടിക്കുമെന്നും ബിജെപി വിലയിരുത്തുന്നുണ്ട്.

ചാലക്കുടിയില്‍ എഎന്‍ രാധാകൃഷ്ണന്‍ രണ്ടു ലക്ഷം വോട്ടു നേടാനാകുമെന്നുമാണ് ബിജെപി വിലയിരുത്തല്‍. ഈ തെരഞ്ഞെടുപ്പോടെ എല്‍ഡിഎഫ്-യുഡിഎഫ് എന്ന രണ്ടു കക്ഷികള്‍ക്ക് പകരം എന്‍ഡിഎ കൂടി കയറിവരും. കേരളവും ഇനി മുതല്‍ തെരഞ്ഞെടുപ്പുകളില്‍ മൂന്ന് മുന്നണികളുടെയും സ്വാധീന മേഖലയായി മാറും. ഇത്തവണ തകര്‍ന്നു പോകുന്നത് എല്‍ഡിഎഫ് ആയിരിക്കുമെന്നും ബിജെപി പറയുന്നുണ്ട്.

Exit mobile version