തല മതിലിന് ഒരു വശത്തും, ഉടല്‍ മറുവശത്തും! വല്ലാത്ത കെണിയില്‍ കുടുങ്ങി നായ, ഒടുവില്‍ മതില്‍ പൊളിക്കാതെ രക്ഷിച്ചു, സംഭവം ഇങ്ങനെ

തൃശ്ശൂര്‍ ആമ്പല്ലൂര്‍ മണലി വടക്കുമുറി റോഡില്‍ കാര്‍ ഗോഡൗണിന് സമീപമാണ് സംഭവം.

തൃശ്ശൂര്‍: തല മതിലിന് ഒരു വശത്ത്, ഉടല്‍ മറുവശത്ത്. ഒരു നായ കെണിയില്‍ കുടുങ്ങിയത് ഇങ്ങനെയാണ്. തൃശ്ശൂരില്‍ നിന്നുമാണ് ഈ വേദനിപ്പിക്കുന്ന കാഴ്ച. നായയുടെ ദയനീയ കരച്ചില്‍ കേട്ടിട്ടും അവസ്ഥ കണ്ടിട്ടും പലരും കണ്ടഭാവം വെയ്ക്കാതെ നടന്നു നീങ്ങി. ഒടുവില്‍ നായയ്ക്ക് രക്ഷകരായി ഒരു കൂട്ടം മൃഗസ്‌നേഹികള്‍ എത്തി. മതില്‍ പൊളിച്ചാല്‍ മാത്രമെ നായയെ രക്ഷിക്കാനാകൂ എന്ന് ആദ്യം അഭിപ്രായങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ അവയൊന്നും ചെയ്യാതെ തന്നെ നായയെ രക്ഷിച്ചു.

സംഭവം ഇങ്ങനെ;

തൃശ്ശൂര്‍ ആമ്പല്ലൂര്‍ മണലി വടക്കുമുറി റോഡില്‍ കാര്‍ ഗോഡൗണിന് സമീപമാണ് സംഭവം. ഇവിടുത്തെ കോണ്‍ക്രീറ്റ് മതിലിന്റെ ഡ്രൈനേജ് പൈപ്പില്‍ പട്ടിയുടെ കഴുത്ത് കുടുങ്ങുകയായിരുന്നു. തല ഒരു ഭാഗത്തും ഉടല്‍ മറുഭാഗത്തുമായി മണിക്കൂറുകളോളമാണ് പട്ടി കിടന്നത്. പുലര്‍ച്ചെ 3 മുതലാണ് പട്ടി അസാധാരണ കുര ആരംഭിച്ചത്.

സമീപവാസികള്‍ ഇതെല്ലാം കേട്ടു. ചിലര്‍ കണ്ണടച്ച് കളഞ്ഞുവെങ്കിലും മറ്റ് ചിലര്‍ തൃക്കൂര്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുമായ അബ്ദുള്‍റസാക്കിനെ വിളിച്ചുവരുത്തി. അബ്ദുള്‍ റസാക്ക് സമീപവാസിയായ വിനീഷിനെയും വിളിച്ചു വരുത്തി. പട്ടിയെ മതിലില്‍ നിന്ന് രക്ഷിക്കാന്‍ അബ്ദുള്‍ റസാക്കും സമീപവാസികളും രാവിലെ ഏഴുമണി മുതല്‍ ശ്രമം ആരംഭിച്ചു. എന്നാല്‍ തല ഊരി എടുക്കാന്‍ മാത്രം സാധിച്ചില്ല.

പട്ടിയെ രക്ഷിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ പുതുക്കാട് ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചെങ്കിലും പ്രതികരണം അനുകൂലമായിരുന്നില്ല. ഇതോടെ മതില്‍ പൊളിച്ച് പട്ടിയെ രക്ഷിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചു. ഇതിന് സ്ഥലം ഉടമകള്‍ അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ മതില്‍ പൊളിക്കാന്‍ ആവശ്യമായ കോണ്‍ക്രീറ്റ് കട്ടര്‍ ലഭിക്കാന്‍ വൈകുമെന്ന് മനസിലാക്കിയ അബ്ദുള്‍റസാക്കും സമീപവാസിയും ചേര്‍ന്ന് അവസാന ശ്രമം എന്ന നിലയില്‍ പട്ടിയുടെ കഴുത്തിലെ തൊലിഭാഗം പുറകിലേയ്ക്ക് നീക്കി.

തല പൈപ്പില്‍ നിന്ന് വളരെ പതിയെ വിദഗ്ധമായി ഊരിയെടുത്തു. ഇതോടെ ജീവന്‍ രക്ഷപ്പെട്ട പട്ടി അവിടെ നിന്നും ഓടിപ്പോയി. പ്രളയകാലത്ത് വെള്ളം ഒഴുകുന്നതിന് തടസമായതോടെ ഇവിടെ മുന്‍പ് ഉണ്ടായിരുന്ന മതില്‍ തകര്‍ന്നുവീണിരുന്നു. പിന്നീടാണ് പുതിയ കോണ്‍ക്രീറ്റ് മതില്‍ പണിതത്. വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടാതിരിക്കാന്‍ ഇതിന്റെ അടിയില്‍ ഒരു വലിയ പൈപ്പ് ഇട്ടിരുന്നു. ഇതിലാണ് പട്ടി കുടുങ്ങിയത്.

Exit mobile version