ആഗ്രയിലേക്ക് കുമ്പളങ്ങ, അമ്പലങ്ങളിലേക്ക് താമര, മുറുക്കാന്‍ വെറ്റില; പിറകെ കരിഞ്ചാംപാടി തണ്ണിമത്തനും വിപണിയില്‍ പ്രിയമേറുന്നു; മലപ്പുറമാണ് താരം

രുചിയുടെ കാര്യത്തില്‍ സാധാരണ തണ്ണിമത്തനേക്കാള്‍ മുന്‍പന്തിയിലാണ് മലപ്പുറത്തെ കരിഞ്ചാംപാടി തണ്ണിമത്തന്‍. വെള്ളരി നഷ്ടമായതോടെയാണ് കരിഞ്ചാംപാടിയില്‍ തണ്ണിമത്തന്‍ കൃഷി തുടങ്ങിയത്.

മലപ്പുറം: സാധാരണ നമ്മള്‍ വാങ്ങുന്ന തണ്ണിമത്തന്റെ ഉള്ളിലെ ചുവപ്പ് നോക്കിയാണ് പാകവും മധുരവും തീരുമാനിക്കാറുള്ളത്. എന്നാല്‍ ഇപ്പോള്‍ വിപണിയിലെ താരമായി മാറിയ കരിഞ്ചാംപാടി തണ്ണിമത്തന്‍ മുറിച്ച് നോക്കിയാല്‍ ഉള്ളില്‍ ചുവപ്പായിരിക്കില്ല മറിച്ച് മഞ്ഞയായിരിക്കും നിറം. പക്ഷേ പാകമെത്താത്ത തണ്ണിമത്തനെന്ന് പറഞ്ഞ് തള്ളിക്കളയാനാവില്ല ഇതിനെ. രുചിയുടെ കാര്യത്തില്‍ സാധാരണ തണ്ണിമത്തനേക്കാള്‍ മുന്‍പന്തിയിലാണ് മലപ്പുറത്തെ കരിഞ്ചാംപാടി തണ്ണിമത്തന്‍.

കേരളത്തില്‍ താമരയ്ക്കും, വെറ്റിലയ്ക്കും, കുമ്പളങ്ങയ്ക്കും പേരു കേട്ട മലപ്പുറം ജില്ല അങ്ങനെ തണ്ണിമത്തന്‍ കൃഷിയിലും പുതിയ ചരിത്രം കുറിക്കുകയാണ്. സ്ഥലത്തിന്റെ പേരിലാണ് കരിഞ്ചാംപാടി തണ്ണിമത്തന്‍ വിപണിയിലും അറിയപ്പെടുന്നത്.

വെള്ളരി കൃഷി നഷ്ടമായതോടെയാണ് കരിഞ്ചാംപാടിയില്‍ തണ്ണിമത്തന്‍ കൃഷി തുടങ്ങിയത്. അപ്പോള്‍ പിന്നെ വ്യത്യസ്തമായി ഒരു കൃഷി തുടങ്ങാം എന്ന് കര്‍ഷകര്‍ തീരുമാനിച്ചു. കരിഞ്ചാംപാടി പാടശേഖരത്ത് അമീര്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള 20 കര്‍ഷകരാണ് കൃഷി തുടങ്ങിയത്.

വിദേശത്ത് നിന്ന് കൊണ്ടുവന്ന പ്രത്യേക വിത്താണ് ഉപയോഗിച്ചത്. മഞ്ഞക്കാമ്പുള്ള തണ്ണിമത്തന് സാധാരണ തണ്ണിമത്തനേക്കാള്‍ സ്വാദും കൂടുതലായിരിക്കും. നിലവില്‍ 15 ഏക്കറിലാണ് കൃഷി. അടുത്ത വര്‍ഷം മുതല്‍ കൃഷി വ്യാപിപ്പിക്കാനൊരുങ്ങുകയാണ് കരിഞ്ചാംപാടിക്കാര്‍.

Exit mobile version