പ്രണയിച്ചു വിവാഹം കഴിച്ചു; യുവാവിനെ ബ്ലേഡുകൊണ്ട് ആക്രമിച്ച് യുവതിയുടെ ബന്ധു, സംഭവം പോലീസ് സ്‌റ്റേഷനില്‍ ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍!

യുവതിയുടെ സഹോദരന്‍ അജിത്തിനെ വിളിച്ച്, കേസ് കൊടുക്കുമെന്നറിയിച്ചു.

വണ്ണപ്പുറം: പ്രണയിച്ച് വിവാഹിതനായ യുവാവിനെ ബ്ലേഡു കൊണ്ട് ആക്രമിച്ച് യുവതിയുടെ ബന്ധു. പോലീസ് സ്‌റ്റേഷനില്‍ വെച്ചാണ് ആക്രമണം നടത്തിയത്. ബ്ലേഡ് ആക്രമണത്തില്‍ പൂമാല സ്വദേശിയായ അജിത്തിന് കഴുത്തിലും കൈകാലുകളിലും മുറിവേറ്റു. സംഭവത്തില്‍ യുവതിയുടെ ബന്ധുവായ പട്ടയക്കുടി സ്വദേശി പണിയൂരാളില്‍ ശിവദാസിനെ(41) കാളിയാര്‍ പോലീസ് അറസ്റ്റുചെയ്തു.

കഴിഞ്ഞദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. വധശ്രമത്തിന് ശിവദാസനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പട്ടയക്കുടി സ്വദേശിനിയും അജിത്തും ഏറെ നാളുകളായി പ്രണയത്തിലായിരുന്നു. ഇതുസംബന്ധിച്ച് വഴക്കുണ്ടായതോടെ, യുവതി അജിത്തിനെ വിളിച്ചുവരുത്തി ഒപ്പം പോവുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സമീപത്തെ ക്ഷേത്രത്തിലെത്തി വിവാഹിതരായി. യുവതിയുടെ സഹോദരന്‍ അജിത്തിനെ വിളിച്ച്, കേസ് കൊടുക്കുമെന്നറിയിച്ചു.

തുടര്‍ന്ന് അജിത്തും യുവതിയും അജിത്തിന്റെ ബന്ധുക്കളും കാളിയാര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായപ്പോഴായിരുന്നു ആക്രമണം. സംസാരിച്ചു കൊണ്ടിരിക്കെ കൈയ്യില്‍ കരുതിയ ബ്ലേഡ് ഉപയോഗിച്ച് ശിവദാസ് അജിത്തിന്റെ ശരീരത്തില്‍ വരയുകയായിരുന്നു. അജിത്ത് ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. പരിക്ക് സാരമുള്ളതല്ലെന്ന് പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത ശിവദാസനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Exit mobile version