കടല്‍സുരക്ഷയ്ക്കായി വിഴിഞ്ഞത്ത് പുതിയൊരു ചെറു കപ്പല്‍കൂടി; സി441

തിരുവന്തപുരം: തീരസംരക്ഷണത്തിനായി പുതിയൊരു ചെറു കപ്പല്‍കൂടി വിഴിഞ്ഞത്ത് സജ്ജമായി. കപ്പല്‍ കമ്മിഷന്‍ ചെയ്തത് തീരസംരക്ഷണസേനയാണ്. അത്യാധുനിക ആയുധങ്ങളും സൗകര്യങ്ങളും അടക്കമുള്ള സി441 എന്ന ഇന്റര്‍സെപ്റ്റര്‍ വിഭാഗത്തിലുള്ള ചെറുകപ്പലാണ് ഇത്. ഇതിന്റെ പ്രധാന ദൗത്യം കടലില്‍ നിരീക്ഷണവും അപകടത്തില്‍പ്പെടുന്ന ബോട്ടുകളെയും വള്ളങ്ങളെയും രക്ഷപ്പെടുത്തുന്നതുമാണ്.

ചീഫ് സെക്രട്ടറി ടോം ജോസ് വിഴിഞ്ഞം വാര്‍ഫില്‍ നടന്ന ചടങ്ങില്‍ വിദൂരനിയന്ത്രണ സംവിധാനത്തിലൂടെ ഇതിന്റെ കമ്മിഷന്‍ നിര്‍വഹിച്ചു. ഇന്നു മുതല്‍ കപ്പല്‍ നിരീക്ഷണത്തിനു പുറപ്പെടും. ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ് സി441. തീരസംരക്ഷണസേനയ്ക്കുവേണ്ടി ഇതു നിര്‍മ്മിച്ചത് ഗുജറാത്തിലെ സൂററ്റിലെ എല്‍&ടി കമ്പനിയാണ്. ഇതിന്റെ നിര്‍മ്മാണച്ചെലവ് 26 കോടി രൂപയാണ്. സി427, ഇന്റര്‍സെപ്റ്റര്‍ വിഭാഗത്തില്‍ ഐസി 310, 390 എന്നിവയാണ് മറ്റു ചെറുകപ്പലുകള്‍.

ഇതിന്റെ നിര്‍മ്മാണം കഴിഞ്ഞ ഫെബ്രുവരിയിലാണ് പൂര്‍ത്തിയാക്കിത്. 27.8 മീറ്റര്‍ നീളവും 6.67 മീറ്റര്‍ വീതിയുമാണ് കപ്പലിനുള്ളത്. ഇരട്ട ഡീസല്‍ എന്‍ജിനുകളുള്ള ഇതിന് 106 ടണ്‍ ഭാരമുണ്ട്. ഈ കപ്പലിന് ഒറ്റത്തവണ 500 നോട്ടിക്കല്‍ മൈല്‍ അഥവാ 1000 കിലോമീറ്റര്‍ സഞ്ചരിക്കാനാകും. ഇതിന്റെ പരമാവധി വേഗത 45 നോട്ട്‌സ് അഥവാ മണിക്കൂറില്‍ 90 കിലോമീറ്ററാണ്.

Exit mobile version