ഇന്ത്യ-വിന്‍ഡീസ് മല്‍സരം: പാഴായിപ്പോയത് 7000 പേര്‍ക്കുള്ള ഭക്ഷണം

തിരുവനന്തപുരം: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനം കണ്ടു കൊതിതീരും മുന്‍പേ തീര്‍ന്നുപോയിരുന്നു. ഒപ്പം പാഴായിപ്പോയത് 7000 പേര്‍ക്കുള്ള ഭക്ഷണമാണ്. 25,000 ആളുകള്‍ക്കു ഭക്ഷണം തയാറാക്കിയിരുന്ന ജയില്‍ വകുപ്പിന് വില്‍ക്കാനായത് 18,000 പേര്‍ക്കുള്ള ഭക്ഷണം മാത്രം. ഉച്ചഭക്ഷണമായി കരുതിയിരുന്ന 1000 ബിരിയാണികളും വിറ്റുപോയി. പക്ഷേ കളി നേരത്തേ അവസാനിച്ചതുകൊണ്ട് ജയിലിലെ മാസ്റ്റര്‍ പീസ് ഐറ്റം ചപ്പാത്തിയും ചിക്കനും വാങ്ങാന്‍ ആളുണ്ടായില്ല.

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനം കാണാനെത്തുന്നവര്‍ക്ക് കിഴി ബിരിയാണിയും ചപ്പാത്തിയും ചിക്കനും കപ്പയും തുടങ്ങി ഒട്ടേറെ വിഭവങ്ങള്‍ ഒരുക്കാനുള്ള ഓട്ടത്തിലായിരുന്നു ദിവസങ്ങളായി ജയില്‍ അന്തേവാസികളായ പാചകക്കാര്‍. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ അടുക്കളയില്‍ നിന്നാണ് ബിരിയാണി, ചപ്പാത്തി, ചിക്കന്‍കറി, കപ്പ തുടങ്ങിയ വിഭവങ്ങള്‍ തയാറാക്കിയത്.

വിവിധതരം വടകള്‍, കപ്പലണ്ടി, വറ്റലുകള്‍ തുടങ്ങി ചെറുവിഭവങ്ങളുടെ വലിയ പട്ടികയുമായി വനിതാ ജെയിലും ഒപ്പം നിന്നതോടെ ഭക്ഷണശാലകള്‍ ആഘോഷമാക്കാനുള്ള തയാറെടുപ്പിലായിരുന്നു ജയില്‍ വകുപ്പ്. ഭക്ഷണവിതരണത്തിനു പ്ലാസ്റ്റിക് ഒഴിവാക്കി വാഴയിലയില്‍ പൊതിഞ്ഞാണു ബിരിയാണിയും ചപ്പാത്തിയും മറ്റും വിതരണം ചെയ്തത്. പാള, ചണം എന്നിവ കൊണ്ടു നിര്‍മിച്ച പ്രത്യേക പാത്രങ്ങളും ഇതിന്റ ഭാഗമായി എത്തിച്ചിരുന്നു. ജയില്‍ സൂപ്രണ്ട് എംകെ വിനോദ് കുമാര്‍അഞ്ചര ലക്ഷത്തോളം രൂപയുടെ ഭക്ഷണസാധനങ്ങള്‍ വിറ്റുപോയെന്ന് പറഞ്ഞു.

Exit mobile version