കൊളംബോ സ്‌ഫോടനത്തില്‍ റസീന കൊല്ലപ്പെട്ടത് നാട്ടിലേക്ക് മടങ്ങാനിരിക്കെ!

പ്രിയപ്പെട്ടവരെ കാണുവാന്‍ നടത്തിയ ശ്രീലങ്കന്‍ യാത്രയിലാണ് ദുബായിയില്‍ താമസിച്ചിരുന്ന കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിനി റസീന അബ്ദുല്‍ ഖാദറിന് ജീവന്‍ നഷ്ടപ്പെട്ടത്

കാസര്‍കോട്: തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കവെയാണ് കാസര്‍കോട് സ്വദേശിനിയായ റസീന ശ്രീലങ്കയില്‍ സ്‌ഫോടനത്തിനിരയായത്. പ്രിയപ്പെട്ടവരെ കാണുവാന്‍ നടത്തിയ ശ്രീലങ്കന്‍ യാത്രയിലാണ് ദുബായിയില്‍ താമസിച്ചിരുന്ന കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിനി റസീന അബ്ദുല്‍ ഖാദറിന് ജീവന്‍ നഷ്ടപ്പെട്ടത്. ഭര്‍ത്താവ് അബ്ദുല്‍ ഖാദര്‍ കുക്കാടിക്കൊപ്പം ഒരാഴ്ച മുന്‍പാണ് ഇവര്‍ ശ്രീലങ്കയിലേക്ക് പോയത്.

തുടര്‍ന്ന് ഭര്‍ത്താവ് ഖാദര്‍ കുക്കോടിയെ ജോലിസ്ഥലമായ ദുബായിയിലേക്ക് യാത്രയയച്ച് ഇവര്‍ താമസിച്ചിരുന്ന ഷാന്‍ഗ്രി-ലാ ഹോട്ടലില്‍ മടങ്ങിയെത്തിയതായിരുന്നു റസീന. ചെക്ക് ഔട്ട് ചെയ്യുവാനായി നില്‍ക്കവെയാണ് സ്‌ഫോടനത്തില്‍പ്പെട്ടത്.

റസീനയുടെ പിതാവ് പിഎസ് അബ്ദുള്ളയും ബന്ധുക്കളുമെല്ലാം വര്‍ഷങ്ങള്‍ക്കു മുന്‍പ് ശ്രീലങ്കയില്‍ സ്ഥിരതാമസം ആക്കി. ഇവരുടെ പിതാവ് അബ്ദുള്ള ഹാജിയും അദ്ദേഹത്തിന്റെ പിതാവ് പിഎസ് സൈനുദ്ദീനും ശ്രീലങ്കയില്‍ ബിസിനസുകാരായിരുന്നു. അബ്ദുള്ള ഹാജിയെ 1989-ല്‍ കൊളംബോയില്‍ നിന്ന് എല്‍ടിടിഇ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയി 29 ദിവസം കസ്റ്റഡിയില്‍ വെച്ചിരുന്നു. ഇവരുടെ പിന്‍തലമുറക്കാരനായി റസീനയുടെ സഹോദരന്‍ ബഷീറാണ് ഇപ്പോള്‍ കൊളംബോയില്‍ ബിസിനസ് നടത്തുന്നത്. പെട്രോളിയം, പൊടിമില്ല്, ഗതാഗതം തുടങ്ങിയവ മേഖലകളിലാണ് ഇവരുടെ ബിസിനസ്.

കെമിക്കല്‍ എന്‍ജിനീയറായ ഖാദര്‍ കുക്കാടി ദുബായിയിലും ദക്ഷിണാഫ്രിക്കയിലുമായാണ് ജോലിചെയ്യുന്നത്. ദക്ഷിണാഫ്രിക്കയില്‍ ഗബ്ബോണില്‍ ഒരു വളംനിര്‍മ്മാണ കമ്പനിയുടെ വൈസ് പ്രസിഡന്റും ഉപദേശകനുമാണ് കര്‍ണാടക സൂരത്കല്‍ സ്വദേശിയായ ഇദ്ദേഹം. റസീനയ്ക്കൊപ്പം പത്തുദിവസം മുമ്പാണ് കൊളംബോയിലെത്തിയത്. ലങ്ക ചുറ്റിക്കാണുകയും സഹോദരന്റെ കൂടെ രണ്ടുദിവസം തങ്ങുകയുമായിരുന്നു റസീനയുടെ ലക്ഷ്യം.

ഒരാഴ്ചകൊണ്ട് വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങി ഹോട്ടലില്‍ മുറിയെടുത്തു. ഞായറാഴ്ച രാവിലെ ഖാദറിനെ വിമാനത്താവളത്തില്‍ കൊണ്ടുവിടാന്‍ ബഷീറാണ് പോയത്. മടങ്ങി വന്ന് റസീനയെയും കൂട്ടി വീട്ടിലേക്ക് മടങ്ങാനായിരുന്നു ബഷീറിന്റെ പരിപാടി. കൊളംബോയിലുള്ള ബന്ധുക്കളായ തഹാബ്, ലിയാഖത്തലി എന്നിവരോടും ഹോട്ടലിലെത്താനും അവിടുന്ന് പ്രഭാതഭക്ഷണം കഴിഞ്ഞ് ബഷീറിനൊപ്പം പോകാമെന്നും പറഞ്ഞിരുന്നു. ഇവരും ബഷീറും എത്താന്‍ വൈകിയതുകൊണ്ട് റസീന റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കാനിരുന്നു. അപ്പോഴായിരുന്നു ജീവനെടുത്ത സ്‌ഫോടനം നടന്നത്.

സ്‌ഫോടനം നടന്നതിന് തൊട്ടുപിന്നാലെ തഹാബും ലിയാഖത്തലിയുമെത്തി. ഇവര്‍ സ്ഥലത്ത് റസീനയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. അപ്പോഴേക്കും ബഷീറുമെത്തി. മൂവരും ചേര്‍ന്ന് തിരച്ചില്‍ തുടങ്ങിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. സ്ഫോടനത്തില്‍ പരിക്കേറ്റവരെ കൊണ്ടുപോയ മൂന്നോ നാലോ ആശുപത്രികളില്‍ അന്വേഷിച്ചെങ്കിലും അവിടുന്നും വിവരം കിട്ടിയില്ല.

ഇതിനിടെ നാട്ടില്‍ നിന്ന് വിവരം തിരക്കി ഫോണ്‍ വന്നുകൊണ്ടിരുന്നു. സുരക്ഷിതമായി എവിടെയോ ഉണ്ടെന്ന് ബന്ധുക്കളെ അറിയിച്ച് തിരച്ചില്‍ തുടര്‍ന്നു. ഒടുവില്‍ ആരോ പറഞ്ഞതനുസരിച്ച് മറ്റൊരു ആശുപത്രിയില്‍ പരിശോധിച്ചപ്പോഴാണ് ചേതനയറ്റ റസീനയെ കണ്ടെത്തിയത്.

രണ്ടാഴ്ച മുമ്പ് റസീന മൊഗ്രാല്‍ പുത്തൂരില്‍ വന്നിരുന്നു. അവിടെയും ചെമ്മനാടുമുള്ള ബന്ധുവീടുകളെല്ലാം സന്ദര്‍ശിച്ചാണ് റസീന മടങ്ങിയത്. എന്നാല്‍ ആ മടക്കം ഒരിക്കലും തിരിച്ച് വരാന്‍ പറ്റാത്തതാണെന്ന് ആരും കരുതിയിരുന്നില്ല.

കൊളംബോയില്‍ നിന്ന് തിരിച്ച് തിങ്കളാഴ്ച മംഗളൂരുവിലെത്താന്‍ ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. അടുത്ത ദിവസങ്ങളില്‍ ബന്ധുക്കളെയെല്ലാം ചേര്‍ത്ത് കൊളംബോയില്‍ കുടുംബസംഗമം നടത്തണമെന്ന മോഹവുമായാണ് റസീന മടങ്ങിയതെന്ന് ബന്ധുക്കള്‍ ഓര്‍ക്കുന്നു.

Exit mobile version