ട്രെയിനുകളില്‍ എമര്‍ജന്‍സി ക്വാട്ട അനുവദിക്കണമെന്ന ആവശ്യവുമായി മനുഷ്യാവകാശ കമ്മീഷന്‍

ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കും രോഗികളായ കൈകുഞ്ഞുങ്ങളുടെ അമ്മമാര്‍ക്കുമായി ട്രെയിനുകളില്‍ ബര്‍ത്ത് അനുവദിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടത്.

തിരുവനന്തപുരം: ട്രെയിനുകളില്‍ എമര്‍ജന്‍സി ക്വാട്ട അനുവദിക്കണമെന്ന ആവശ്യവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ രംഗത്ത്. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കും രോഗികളായ കൈകുഞ്ഞുങ്ങളുടെ അമ്മമാര്‍ക്കുമായി ട്രെയിനുകളില്‍ ബര്‍ത്ത് അനുവദിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടത്.

ഒരു വയസുള്ള കുഞ്ഞിന്റെ ഹൃദയശസ്ത്രക്രിയ്ക്കായി കണ്ണൂരില്‍ നിന്നും തിരുവന്തപുരത്തേക്ക് മാവേലി എക്‌സ്പ്രസില്‍ കയറിയ യുവതിയ്ക്ക് സീറ്റ് നിഷേധിച്ച സംഭവത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്.

രോഗികള്‍ക്കും രോഗികളായ കൈകുഞ്ഞുങ്ങളുടെ അമ്മമാര്‍ക്കും ബര്‍ത്ത് ഉറപ്പാക്കുന്ന റിസര്‍വേഷന്‍ നയത്തിന് രൂപം നല്‍കണം. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ റെയില്‍വേയ്ക്ക് നിര്‍ദ്ദേശം നല്‍കി. റെയില്‍വേ ബോര്‍ഡ് സെക്രട്ടറിക്കും ദക്ഷിണ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്കും ഉത്തരവ് നല്‍കി.

2018 ഡിസംബര്‍ 27 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുഞ്ഞിന് തിരുവന്തപുരം ശ്രീചിത്രാ മെഡിക്കല്‍ സെന്ററില്‍ അടിയന്തര ഹൃദയ ശസ്ത്രക്രിയ നടത്തുന്നതിനായി കണ്ണൂരില്‍ നിന്നും മാവേലി എക്‌സ്പ്രസില്‍ കയറിയ ദമ്പതികള്‍ക്ക് ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റിലായതിനാല്‍ സീറ്റ് നിഷേധിക്കുകയായിരുന്നു. മലപ്പുറത്തെത്തിയതോടെ കുട്ടിയുടെ അസുഖം കൂടി. തുടര്‍ന്ന് ചെയിന്‍ വലിച്ച് യാത്രക്കാര്‍ വണ്ടി നിര്‍ത്തി കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

Exit mobile version