കുട്ടികളെ ഉപദ്രവിക്കുന്ന മാതാപിതാക്കള്‍ക്കെതിരെ കര്‍ശന നടപടി; മന്ത്രി കെകെ ശൈലജ

ഇത്തരം കേസുകളില്‍ പ്രതികളാക്കപ്പെടുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളെക്കുറിച്ച് ആലോചിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: അമ്മയുടെ ക്രൂര മര്‍ദ്ദനമേറ്റ് ചികിത്സയിലിരിക്കെ മൂന്ന് വയസ്സുകാരന്‍ മരിച്ച സംഭവം വളരെയധികം വേദനിപ്പിക്കുന്ന ഒന്നാണെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കേന്ദ്രനിയമമാണ് നിലവിലുള്ളത്. ഇതുപോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമജ്ഞരുമായി ആലോചിച്ച് ഈ നിയമം ഭേദഗതി വരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇത്തരം കേസുകളില്‍ പ്രതികളാക്കപ്പെടുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളെക്കുറിച്ച് ആലോചിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ് ഏഴ് വയസുകാരന്‍ മരിച്ചതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് ആലുവയില്‍ മറ്റൊരു സംഭവം കൂടി നടക്കുന്നത്. ഈ രണ്ടു കേസുകളിലും കുട്ടികളുടെ മരണത്തിന് കാരണക്കാര്‍ വേണ്ടപ്പെട്ടവര്‍ തന്നെയാണ്. കുട്ടികള്‍ക്ക് നേരെ നടക്കുന്ന ക്രൂരതയ്ക്ക് നേരെ സമൂഹം ഉണരേണ്ട സമയമാണെന്നും മന്ത്രി പറഞ്ഞു.

ആലുവയിലെ സംഭവം അറിഞ്ഞയുടന്‍ കുട്ടിയുടെ ചികിത്സയും സംരക്ഷണവും സാമൂഹ്യ നീതി വകുപ്പ് ഏറ്റെത്തു. കുട്ടിയുടെ ആരോഗ്യനില മോശമായതിനാല്‍ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ധ ഡോക്ടര്‍മാരുടെ പ്രത്യേക മെഡിക്കല്‍ സംഘത്തെ അയച്ചെങ്കിലും കുട്ടിയെ രക്ഷിച്ചെടുക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു.

കുടുംബത്തില്‍ നിന്നാണ് കുട്ടികള്‍ക്ക് പലപ്പോഴും ക്രൂര മര്‍ദനമുണ്ടാകുന്നത്. തണല്‍ പദ്ധതിയിലെ 1517 എന്ന ഫോണ്‍ നമ്പരില്‍ കുട്ടികള്‍ക്ക് നേരെയുള്ള എല്ലാത്തരം അതിക്രമങ്ങളും വിളിച്ചറിയിക്കാവുന്നതാണ്. ഈ പദ്ധതി ആവിഷ്‌ക്കരിച്ച് രണ്ട് വര്‍ഷത്തിനകം തന്നെ ഇതുവരെ 24,000 ലധികം കോളുകളാണ് വന്നിട്ടുള്ളത്. അതില്‍ 40 ശതമാനത്തോളം അന്വേഷണങ്ങളായിരുന്നു. എല്ലാത്തരം പ്രശ്നങ്ങള്‍ക്കും മികച്ച ഇടപെടലുകളാണ് തണല്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

Exit mobile version