പെരിന്തല്‍മണ്ണയില്‍ നിന്ന് ശ്രീചിത്രയിലെത്തിച്ച നവജാത ശിശുവിന്റെ ആരോഗ്യനില തൃപ്തികരം എന്ന് ആശുപത്രി വൃത്തങ്ങള്‍

ശസ്ത്രക്രിയ കൊണ്ടു മാത്രം ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയില്ലെന്നും നാലു മുതല്‍ അഞ്ചു വര്‍ഷം വരെ തുടര്‍ ചികിത്സ നടത്തേണ്ടി വരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു

തിരുവനന്തപുരം: പെരിന്തല്‍മണ്ണയില്‍ നിന്ന് ഹൃദ്രോഗ ശസ്ത്രക്രിയക്കായി ഇന്നലെ രാത്രിയില്‍ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ എത്തിച്ച നാലു ദിവസം പ്രായമുള്ള നവജാതശിശുവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. എന്നാല്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന കുഞ്ഞിന്റെ ശസ്ത്രക്രിയ എന്ന് നടത്തണമെന്നതില്‍ തീരുമാനമായിട്ടില്ല.

ശസ്ത്രക്രിയ ആവശ്യമാണെങ്കിലും കുട്ടിയുടെ ആരോഗ്യനില അനുസരിച്ചായിരിക്കും ശസ്ത്രക്രിയ നടത്തണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ഹൃദ്രോഗ വിദഗ്ധരും ശസ്ത്രക്രിയ വിദഗ്ധരും അടങ്ങുന്ന സംഘം കുട്ടിയെ നിരീക്ഷിച്ചു വരികയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുഞ്ഞിന്റെ ചികിത്സ നടത്തുന്നത്.

മലപ്പുറം വേങ്ങൂര്‍നജാദ് ഇര്‍ഫാന ദമ്പതികളുടെ കുഞ്ഞിനെ ഇന്നലെ രാത്രിയോടെയാണ് തിരുവനന്തപുരം ശ്രീ ചിത്രയിലെത്തിച്ചത്. ഹൃദയത്തിന്റെ ഇടത് ഭാഗത്തെ വളര്‍ച്ചക്കുറവാണ് കുഞ്ഞിന്റെ അസുഖം. ശസ്ത്രക്രിയ കൊണ്ടു മാത്രം ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയില്ലെന്നും നാലു മുതല്‍ അഞ്ചു വര്‍ഷം വരെ തുടര്‍ ചികിത്സ നടത്തേണ്ടി വരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാരായ ദീപ, ഹരികൃഷ്ണ്‍, കാര്‍ഡിയാക് സര്‍ജറി വിഭാഗം മേധാവി ബൈജു എസ് ധരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കുഞ്ഞിനെ പരിശോധിക്കുന്നത്.

Exit mobile version