മരിച്ച ശബരിമല തീര്‍ത്ഥാടകനെ ബലിദാനിയാക്കാനുള്ള ബിജെപിയുടെ ‘പ്ലാന്‍ സി’ പാളി; ശിവദാസന്‍ ആചാരി ബിജെപിക്കാര്‍ക്ക് എതിരെ കൊടുത്ത പരാതി പുറത്ത്

2018 ഏപ്രില്‍ 24 ന് പന്തളം പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയാണ് (729/2018) ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്

പത്തനംതിട്ട: പോലീസ് നടപടിക്കിടെയാണ് ശബരിമല തീര്‍ത്ഥാടകന്‍ ശിവദാസന്‍ ആചാരി മരിച്ചതെന്ന ബിജെപി വാദങ്ങള്‍ പൊളിയുന്നു. ശിവദാസന്‍ ആചാരി ബിജെപി പ്രാദേശിക നേതൃത്വത്തിനെതിരെ നല്‍കിയ പരാതിയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മുളമ്പുഴ സ്വദേശികളായ നാണു, ഗൗരി, മണി, സാവിത്രി എന്നിവര്‍ക്കെതിരെയാണ് ശിവദാസന്‍ പരാതി നല്‍കിയത്.

2018 ഏപ്രില്‍ 24 ന് പന്തളം പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയാണ് (729/2018) ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വീട്ടിലേക്ക് പോകുന്ന നടവഴിയില്‍ അയല്‍വാസികളായ ചിലര്‍ അവകാശം ഉന്നയിക്കുകയും, ടൂവീലറില്‍ ലോട്ടറി കച്ചവടം നടത്തുന്ന തന്നെ, അയല്‍ വാസികളായ ചിലര്‍ വഴി നടക്കാന്‍ അനുവദിക്കുന്നില്ലെന്നും, വഴിയില്‍ തടഞ്ഞ് ഉപദ്രവിക്കുന്നു എന്നുമായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. അയല്‍വാസികള്‍ തന്റെ വാഹനം കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ ആരോപിച്ചിരുന്നു.

പിറ്റേ ദിവസം സ്റ്റേഷനില്‍ എതിര്‍കക്ഷികളെ വിളിച്ച് ഒത്തുതീര്‍പ്പാക്കല്‍ ശ്രമം നടത്തിയിരുന്നു. തുടര്‍ന്ന് ശിവദാസനെ ഇനി ബുദ്ധിമുട്ടിക്കില്ലെന്ന ഉറപ്പ് നല്‍കിയാണ് ഇവര്‍ മടങ്ങിയത്.

എന്നാല്‍ ഇതിന് ശേഷം പരാതി പിന്‍വലിക്കണമെന്നും പരാതി പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ തല്ലിക്കൊന്ന് കൊക്കയിലെറിയുമെന്നും ആര്‍എസ്എസ് നേതാവ് ശിവദാസനെ ഭീഷണിപ്പെടുത്തിയിരുന്നു എന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.

ശിവദാസന്‍ നല്‍കിയ പരാതിയിലെ എതിര്‍ കക്ഷികള്‍ ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകരാണ്. ശിവദാസന്‍ ബലിദാനിയാണെന്ന് പ്രഖ്യാപിച്ച് ബിജെപി പത്തനംതിട്ടയില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുന്നുണ്ട്. ഇതിനിടയിലാണ് പരാതി പുറത്ത് വന്നത്.

Exit mobile version