രണ്ട് വയസുകാരന്‍ സ്വയം തലയില്‍ കലം കമഴ്ത്തി; വേദന തിന്ന് ആശങ്കയുടെ ഒരു മണിക്കൂര്‍, ഒടുവില്‍ ‘തലയൂരി’ കൊടുത്ത സേനാംഗങ്ങള്‍ക്ക് റ്റാറ്റ നല്‍കി കുസൃതിക്കുരുന്ന്

ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കത്രിക ഉപയോഗിച്ച് തല കലത്തില്‍ നിന്നും വേര്‍പ്പെടുത്തിയത്.

അരൂര്‍: രണ്ട് വയസുകാരന്റെ തലയില്‍ കുടുങ്ങിയ കലം നീക്കം ചെയ്തത് ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍. അഗ്നിരക്ഷാസേന എത്തിയാണ് കുട്ടിയുടെ തലയില്‍ നിന്ന് കലം നീക്കം ചെയ്തത്. അരൂര്‍ സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പടിഞ്ഞാറു ഭാഗത്ത് വാടകവീട്ടില്‍ താമസിക്കുന്ന തമിഴ്‌നാട് തേനി സ്വദേശി ലോക്നാഥിന്റെ മകനാണ് സ്വയം കലം തലയില്‍ കമഴ്ത്തിയത്.

ഒടുവില്‍ ഊരിയെടുക്കാന്‍ കഴിയാതെ വന്നതോടെ കുട്ടി കരച്ചിലും തുടങ്ങി. ഇതോടെയാണ് അഗ്നിരക്ഷാസേന എത്തിയത്. ശേഷം ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കത്രിക ഉപയോഗിച്ച് തല കലത്തില്‍ നിന്നും വേര്‍പ്പെടുത്തിയത്. കുട്ടിയുടെ രണ്ടു കാതുകളും കലം അടഞ്ഞ് മൂടിയിരുന്നു. അഗ്‌നിരക്ഷാസേന കലം മുറിക്കുന്ന സമയത്ത് കുട്ടി ഉച്ചത്തില്‍ കരയുകയായിരുന്നു.

കരഞ്ഞ് അവശനായ കുട്ടിക്കു ഇടയ്ക്കിടയ്ക്കു വെള്ളം നല്‍കിക്കൊണ്ടിരുന്നു. പിതാവ് ലോക്നാഥ് കൊച്ചിന്‍ ക്രൗണ്‍ പ്ലാസ ഹോട്ടലിലെ ജീവനക്കാരനാണ്. അരൂരിലെ അഗ്‌നിരക്ഷാ സേനാംഗങ്ങളായ പിഎം പവിത്രന്‍, അമര്‍ജിത്, ശ്രീദാസ്, കണ്ണന്‍, ലൈജുമോന്‍, രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് കലം മുറിച്ചു നീക്കിയത്. ഒടുവില്‍ കലം തലയില്‍ നിന്നു നീക്കം ചെയ്ത സേനാംഗങ്ങള്‍ക്ക് റ്റാറ്റയും നല്‍കിയാണ് വിട്ടത് ഈ കുസൃതിക്കുരുന്ന്.

Exit mobile version