ജാതിയുടെയും സമുദായിക വികാരത്തിന്റെയും പേരില്‍ വോട്ട് ചോദിക്കരുത്; തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നടപ്പിലാക്കുമെന്ന നിലപാടില്‍ ഉറച്ച് കളക്ടര്‍ ടിവി അനുപമ

ജാതിയുടെയും സമുദായിക വികാരത്തിന്റെയും പേരില്‍ വോട്ട് ചോദിക്കരുതെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കളക്ടര്‍ ടിവി അനുപമ.

തൃശ്ശൂര്‍: തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നടപ്പിലാക്കാനുള്ള ഉത്തരവാദിത്വത്തിലും നിലപാടിലും ഉറച്ച് തൃശ്ശൂര്‍ കളക്ടര്‍ ടിവി അനുപമ. ജാതിയുടെയും സമുദായിക വികാരത്തിന്റെയും പേരില്‍ വോട്ട് ചോദിക്കരുതെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കളക്ടര്‍ ടിവി അനുപമ.

ജാതികള്‍, സമുദായങ്ങള്‍, മതവിഭാഗങ്ങള്‍, ഭാഷാവിഭാഗങ്ങള്‍ എന്നിവ തമ്മിലെ ഭിന്നതക്ക് ആക്കം കൂട്ടുന്നതോ പരസ്പര വിദ്വേഷമോ സംഘര്‍ഷമോ ജനിപ്പിക്കുന്നതോ ആയ ഒരു പ്രവര്‍ത്തനത്തിലും ഏര്‍പ്പെടരുത്. ക്ഷേത്രങ്ങള്‍, മുസ്ലിം പളളികള്‍, ക്രിസ്ത്യന്‍ പള്ളികള്‍ തുടങ്ങി മറ്റ് ആരാധനാലയങ്ങള്‍ എന്നിവ പ്രസംഗം, പോസ്റ്ററുകള്‍, പാട്ടുകള്‍ എന്നിങ്ങനെ ഒരു തരത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനും തെരഞ്ഞെടുപ്പ് പ്രക്രിയക്കുമുള്ള വേദിയായി ഉപയോഗിക്കരുതെന്നും അനുപമ വ്യക്തമാക്കി.

മറ്റു പാര്‍ട്ടികളുടെ നേതാക്കന്‍മാരുടെയും പ്രവര്‍ത്തകരുടെയും പൊതുപ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യജീവിതവുമായി ബന്ധപ്പെട്ട ഒരു കാര്യവും വിമര്‍ശിക്കരുതെന്നും കളക്ടര്‍ വ്യക്തമാക്കി.

രാജ്യത്തിന്റെ സൈനികരുടെ ചിത്രങ്ങളോ സൈനികര്‍ പങ്കെടുത്ത പരിപാടികളുടെ ചിത്രങ്ങളോ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുതെന്നും കമ്മീഷന്‍ നിര്‍ദ്ദേശമുണ്ട്.

Exit mobile version