സുരേഷ് ഗോപിക്കെതിരായ നടപടി; കളക്ടര്‍ ടിവി അനുപമയ്ക്കെതിരെ സൈബര്‍ ആക്രമണം, പേജില്‍ കൂട്ടശരണം വിളി!

'സ്വമി ശരണം' എന്ന കമന്റാണ് വിമര്‍ശനവുമായെത്തുന്നവര്‍ പേജില്‍ പോസ്റ്റു ചെയ്യുന്നത്.

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനെ തുടര്‍ന്ന് തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടിവി അനുപമയ്ക്കെതിരെ സൈബര്‍ ആക്രമണം. അനുപമയുടെ ഫേസ്ബുക്ക് പേജിലാണ് പ്രതിഷേധ പൊങ്കാലയുമായി സംഘപരിവാര്‍ അനുകൂലികള്‍ രംഗത്തെത്തിയിരിക്കുന്നത്.

‘സ്വമി ശരണം’ എന്ന കമന്റാണ് വിമര്‍ശനവുമായെത്തുന്നവര്‍ പേജില്‍ പോസ്റ്റു ചെയ്യുന്നത്. അനുപമ ക്രിസ്ത്യാനിയാണെന്നും അത് കൊണ്ടാണ് സുരേഷ് ഗോപിക്കെതിരെ നടപടിയെടുക്കുന്നതെന്നും പ്രചരണമുണ്ട്. അനുപമയുടെ ഭര്‍ത്താവ് ക്ലിന്‍സണ്‍ ജോസഫിന്റെ പേര് കൂടി ചേര്‍ത്ത് അനുപമ ക്ലിന്‍സണ്‍ ജോസഫ് എന്ന് പറഞ്ഞുകൊണ്ടാണ് സംഘ പരിവാറിന്റെ പ്രചരണം. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് അനുപമ പ്രവര്‍ത്തിക്കുന്നതെന്നും അതിനാലാണ് വനിതാ മതിലില്‍ പങ്കെടുത്തതെന്നും ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്.

അതേസമയം, ബിജെപിയുടെ വിമര്‍ശനങ്ങളോട് പ്രതികരിക്കാനില്ലെന്ന് ടിവി അനുപമ പറഞ്ഞു. സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത് തന്റെ ജോലിയുടെ ഭാഗമാണെന്നും അനുപമ വ്യക്തമാക്കി. സംഭവത്തില്‍ അനുപമയെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

തൃശ്ശൂരിലെ എന്‍ഡിഎ മണ്ഡലം കണ്‍വെന്‍ഷനിലായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന. അയ്യപ്പന്‍ ഒരു വികാരമാണെങ്കില്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും അത് അലയടിച്ചിരിക്കുമെന്നായിരുന്നു പ്രസ്താവന. ഇതേ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു കാണിച്ച് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടിവി അനുപമ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത്. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നു കാണിച്ചായിരുന്നു അത്.

Exit mobile version