കോഴ വിവാദം; എംകെ രാഘവനെതിരെ സിപിഎം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

കഴിഞ്ഞ ദിവസമാണ് ഹിന്ദി ചാനലായ ടിവി 9 ഭാരത് വര്‍ഷ് എംകെ രാഘവന്‍ കൈക്കൂലി ആവശ്യപ്പെടുന്ന വീഡിയോ പുറത്തുവിട്ടത്

കോഴിക്കോട്: കോഴ വിവാദത്തില്‍ അകപ്പെട്ട കോഴിക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവനെതിരെ സിപിഎം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. എല്‍ഡിഎഫ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി കണ്‍വീനറും ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതാവുമായ അഡ്വ.പിഎ മുഹമ്മദ് റിയാസ് ആണ് പരാതി നല്‍കിയിരിക്കുന്നത്.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയിലെ പ്രധാന ആവശ്യം എംകെ രാഘവന്റെ പണമിടപാടുകളെ കുറിച്ച് അന്വേഷിക്കണമെന്നാണ്. ഇതിന് പുറമെ എംകെ രാഘവന്‍ നടത്തിയ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെയും നിയമങ്ങളുടെയും ലംഘനത്തെ പറ്റി അന്വേഷിക്കണമെന്നും ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ഹിന്ദി ചാനലായ ടിവി 9 ഭാരത് വര്‍ഷ് എംകെ രാഘവന്‍ കൈക്കൂലി ആവശ്യപ്പെടുന്ന വീഡിയോ പുറത്തുവിട്ടത്. അഞ്ച് കോടി രൂപയാണ് എംകെ രാഘവന്‍ ആവശ്യപ്പെട്ടത്. അതേസമയം എംകെ രാഘവനെതിരെ ജില്ലാ കളക്ടര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വീഡിയോയിലെ ശബ്ദം രാഘവന്റേത് തന്നെയാണെന്ന് ഉറപ്പ് വരുത്തണമെങ്കില്‍ സാങ്കേതിക പരിശോധനയ്ക്കു പുറമേ ഫോറന്‍സിക് പരിശോധനയും വേണ്ടിവരുമെന്നാണ് കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിലുള്ളതെന്നാണ് സൂചന.

Exit mobile version