മീ ടൂ ക്യാംപെയിന്‍; വിഷയം രാഷ്ട്രീയ വല്‍ക്കരിക്കരുതെന്ന് മുകേഷിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ ടെസ് ജോസഫ്

ഇത്തരക്കാരെ തുറന്ന് കാട്ടാന്‍ മാത്രമായിരുന്നു താന്‍ ശ്രമിച്ചതെന്നും ടെസ് ജോസഫ് പറഞ്ഞു

തിരുവനന്തപുരം: മീ ടൂ ക്യാമ്പെയ്‌നിന്റെ ഭാഗമായി നടനും എംഎല്‍എയുമായ മുകേഷിന് എതിരെ നടത്തിയ വെളിപ്പെടുത്തല്‍ രാഷ്ട്രീയ വല്‍ക്കരിക്കരുതെന്ന് ടെസ് ജോസഫ്. സംഭവത്തില്‍ പരാതിപ്പെടാന്‍ ഇല്ലെന്നും, ഇത്തരക്കാരെ തുറന്ന് കാട്ടാന്‍ മാത്രമായിരുന്നു താന്‍ ശ്രമിച്ചതെന്നും ടെസ് ജോസഫ് പറഞ്ഞു.

മീ ടൂ ക്യമ്പെയ്‌നിന്റെ ഭാഗമായി, 19 വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്ക് മുകേഷില്‍ നിന്ന് നേരിട്ട ദുരനുഭവം ടെലിവിഷന്‍ സാങ്കേതിക പ്രവര്‍ത്തകയായ ടെസ് ജോസഫ് ട്വിറ്ററില്‍ കൂടി തുറന്ന് പറഞ്ഞിരുന്നു.

പത്തൊന്‍മ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് കോടീശ്വരന്‍ എന്ന പരിപാടിയുടെ ചിത്രീകരണത്തിനിടെ മുകേഷ് നിരന്തരം വിളിച്ച് തന്റെ അടുത്ത മുറിയിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചെന്നാണ് ടെസ് വെളിപ്പെടുത്തിയത്. നിരന്തരം ഫോണ്‍ വിളികള്‍ വന്നതിനെ തുടര്‍ന്ന് അന്ന് തന്റെ മേധാവിയായ, ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായ ഡെറിക്ക് ഒബ്രിയാനോട് പറയുകയും അദ്ദേഹം അത് പരിഹരിക്കുകയും ചെയ്തു. തനിക്ക് മുകേഷില്‍ നിന്നുണ്ടായ ദുരനുഭവത്തിന് ശേഷം കോടീശ്വരന്‍ പരിപാടിയില്‍ നിന്നും പിന്മാറിയതായും ടെസ് ജോസഫ് പറഞ്ഞു.

Exit mobile version