പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു

തിരുവനന്തപുരത്തെ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം

തിരുവനന്തപുരം: മലയാളത്തിലെ പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റും അഭിനേത്രിയുമായ ആനന്ദവല്ലി (62) അന്തരിച്ചു. തിരുവനന്തപുരത്തെ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. നിരവധി മലയാള സിനിമകള്‍ക്ക് ഡബ്ബിങ് നല്‍കിയിട്ടുള്ള ആനന്ദവല്ലി മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമടക്കം നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

‘ദേവി കന്യാകുമാരി’ എന്ന ചിത്രത്തില്‍ നടി രാജശ്രീക്ക് ശബ്ദം നല്‍കിയാണ് ആനന്ദവല്ലി സിനിമാ മേഖലയില്‍എത്തിയത്. ഫാസില്‍ ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ നടി പൂര്‍ണിമ ജയറാമിന് ശബ്ദം നല്‍കിയത് ആനന്ദവല്ലിയാണ്. 1992 ല്‍ ആധാരം എന്ന ചിത്രത്തില്‍ ഗീതക്ക് വേണ്ടി ശബ്ദം നല്‍കിയതിനാണ് കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചത്.

റൗഡി രാജമ്മ, അനുപല്ലവി, അങ്ങാടി, മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, കള്ളന്‍ പവിത്രന്‍, തൃഷ്ണ, അഹിംസ, നാഗമഠത്തു തമ്പുരാട്ടി, ഈ നാട്, ഓളങ്ങള്‍, പടയോട്ടം, ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍, അമൃതഗീതം, ആ ദിവസം, കുയിലിനെ തേടി, മുത്താരംകുന്ന് പിഒ എന്നീ ചിത്രങ്ങളില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും ആനന്ദവല്ലി അഭിനയിച്ചിട്ടുണ്ട്.

Exit mobile version