അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പിഡിപി! പ്രഖ്യാപനം നടത്തിയത് അബ്ദുള്‍ നാസര്‍ മഅദനി

കേരളത്തിലെ ഒരു പാര്‍ട്ടിയും ഫാഷിസത്തെ തടയാന്‍ ആത്മാര്‍ഥമായ ശ്രമം നടത്തിയിട്ടില്ല.

മലപ്പുറം: ലോക്‌സഭാ തെരെഞ്ഞടുപ്പില്‍ ഇടത്-വലത് മുന്നണികളുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു പിന്നാലെ പിഡിപിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. അഞ്ച് മണ്ഡലങ്ങളിലേയ്ക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. മലപ്പുറത്ത് ചേര്‍ന്ന സംസ്ഥാനതല തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനിയാണ് ബംഗളൂരുവില്‍ നിന്ന് വിഡിയോ കോണ്‍ഫറന്‍സിലൂടെ പേരുകള്‍ പ്രഖ്യാപിച്ചത്.

മുഴുവന്‍ പിന്തുണയും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കോ മുന്നണിക്കോ പതിച്ചുകൊടുത്ത് ആരുടെയെങ്കിലും അടിമയോ കുടികിടപ്പുകാരോ ആകാന്‍ പിഡിപി തയാറല്ലെന്നും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു പിന്നാലെ മഅദനി പറയുന്നു. കേരളത്തിലെ ഒരു പാര്‍ട്ടിയും ഫാഷിസത്തെ തടയാന്‍ ആത്മാര്‍ഥമായ ശ്രമം നടത്തിയിട്ടില്ല. ഫാഷിസ്റ്റുകളുമായി കൂട്ടുചേര്‍ന്നവരെയും ഭൂമി, സാമ്പത്തിക തട്ടിപ്പുകാരെയുമടക്കം പലരും സ്ഥാനാര്‍ത്ഥിയാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സ്ഥാനാര്‍ത്ഥികള്‍

പൊന്നാനി: പിഡിപി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ്
മലപ്പുറം: നിസാര്‍ മേത്തര്‍
ചാലക്കുടി: ടിഎ മുജീബ്റഹ്മാന്‍
ആലപ്പുഴ: വര്‍ക്കല രാജ്
ആറ്റിങ്ങല്‍: മാഹിന്‍ തേവരുപാറ

മറ്റു മണ്ഡലങ്ങളില്‍ ഫാഷിസ്റ്റുകളെ പരാജയപ്പെടുത്താന്‍ സഹായകരമായ നിലപാടെടുക്കുന്നവര്‍ക്ക് കൂടിയാലോചനകള്‍ക്ക് ശേഷം പിന്തുണ നല്‍കുമെന്ന് മഅദനി അറിയിച്ചു.

Exit mobile version