മദ്യലഹരിയില്‍ വഴിയാത്രക്കാരനെ നടുറോഡില്‍ മര്‍ദ്ദിച്ചു; നടന്‍ സുധീറിനും സുഹൃത്തുക്കള്‍ക്കെതിരെ കേസ്

കാറിന്റെ ഡോര്‍ ദേഹത്ത് തട്ടിയത് ചോദ്യം ചെയ്ത യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തിലാണ് കേസ്

ആലപ്പുഴ: മദ്യലഹരിയില്‍ നടുറോഡില്‍ യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ നടന്‍ സുധീറിനും സുഹൃത്തുകള്‍ക്കെതിരെ കേസ്. കാറിന്റെ ഡോര്‍ ദേഹത്ത് തട്ടിയത് ചോദ്യം ചെയ്ത യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തിലാണ് കേസ്.

ബാറിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡോര്‍ തുറന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘട്ടനത്തിലേക്ക് എത്തിച്ചത്. ആലപ്പുഴ എസ്എല്‍ പുരത്ത് ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. കാറിന്റെ വാതില്‍ തുറന്നപ്പോള്‍ നടന്നു പോവുകയായിരുന്ന പഴയതോപ്പ് സ്വദേശിയായ അനുപിന്റെ ദേഹത്ത് തട്ടി.

ഇത് ചോദ്യം ചെയ്തതിനാണ് നടന്റെയും സുഹൃത്തുകളുടെയും ആക്രമണം. സുധീറിന്റെ സുഹൃത്തുക്കളാണ് ആദ്യം അനൂപിനെ അക്രമിച്ചത്. പിന്നീട് കാറില്‍ നിന്ന് ഇറങ്ങിയ സുധീര്‍ അനൂപിനെ ചവിട്ടി വീഴ്ത്തി. ഇത് ചോദ്യം ചെയ്തതതിനാണ് എസ്എല്‍ പുരം അറയ്ക്കല്‍ ഹരീഷിനേയും നടനും സംഘവും വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. ഇതേ തുടര്‍ന്ന് അക്രമം കണ്ടു നിന്ന നാട്ടുകാരും വിഷയത്തില്‍ ഇടപെട്ടു.

സംഭവത്തില്‍ ഹരീഷിന് സാരമായി പരിക്കേറ്റു. മൂക്കിന്റെ പാലത്തിന് ഒടിവും കണ്ണിനുമാണ് പരിക്കേറ്റത്. തുടര്‍ന്ന് മാരാരിക്കുളം പോലീസ് സ്റ്റേഷനില്‍ നിന്ന് പോലീസ് എത്തിയാണ് പ്രശ്‌നങ്ങള്‍ ഒഴിവാക്കിയത്. പരിക്കേറ്റവര്‍ ആലപ്പുഴ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

Exit mobile version